കുതിരപ്പുഴയില്‍ കാണാതായവർക്കുള്ള തിരച്ചിൽ രണ്ടാംദിവസവും വിഫലം
text_fieldsപൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ കാണാതായ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കുമായി രണ്ടാം ദിവസവും നടത്തിയ തിരച്ചില്‍ വിഫലം. വിവിധ സേനകള്‍ സംയുക്തമായി വ്യാഴാഴ്ച ആരംഭിച്ച തിരച്ചില്‍ വൈകീട്ട് വരെ തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്തനായില്ല. ബുധനാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് അമരമ്പലം സ്വദേശികളായ കൊട്ടാടന്‍ സുശീല (55), മകള്‍ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (11) എന്നിവര്‍ പുഴയില്‍ ചാടിയത്.
ഇതില്‍ സന്ധ്യയും അനുഷയും അരുണും രക്ഷപ്പെട്ടെങ്കിലും സന്ധ്യയുടെ മാതാവ് സുശീല, മകള്‍ അനുശ്രീ എന്നിവരെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച തന്നെ നാട്ടുകാര്‍, പൊലീസ്, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്, ട്രോമാകെയര്‍ തുടങ്ങിയവര്‍ ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ മുതല്‍ മലപ്പുറത്തെ ഐഡിയല്‍ റിലീഫ് വിങ്ങും ചേര്‍ന്ന് ആരംഭിച്ച തിരച്ചില്‍ വൈകീട്ട് ആറ് വരെ തുടര്‍ന്നെങ്കിലും വിഫലമായി. പ്രതികൂല കാലാവസ്ഥയും പുഴയില്‍ വെള്ളം ഉയരുന്നതും തണുപ്പ് കൂടുന്നതും അടിയൊഴുക്കും തടസ്സമായി. ഇനി സേനകളെല്ലാം സംയുക്തമായി നിലമ്പൂർ വടപുറം വരെ തിരച്ചില്‍ നടത്താനാണ് തീരുമാനം.
നിലമ്പൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. പ്രമോദ്, അമരമ്പലം വില്ലേജ് ഓഫിസര്‍ എന്‍.വി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.