കടലാക്രമണം: ദുരിതത്തിൽ ങ്ങി മലപ്പുറത്തെ തീരദേശ മേഖല
text_fieldsപൊന്നാനി: ദുരിതങ്ങളുടെ ദിനരാത്രങ്ങളാണ് പൊന്നാനി താലൂക്കിലെ തീരദേശ മേഖലയിലുടനീളം. ഇടവിട്ടെത്തുന്ന കടലാക്രമണങ്ങളിൽ വീടും സ്ഥലവും നഷ് ടമായവർക്ക് ഇത്തവണ ഇരട്ടി ദുരിതമാണ്. കാലവർഷത്തിന് മുമ്പേ എത്തിയ ന്യൂനമർദത്തെത്തുടർന്നുണ്ടായ മഴയിലും കടലാക്രമണത്തിലും തീരദേശ മേഖലയാകെ വെള്ളത്തിൽ മുങ്ങി. നേരേത്ത കടലാക്രമണ സമയങ്ങളിൽ ചെറിയ തോതിലുണ്ടാകുന്ന വെള്ളക്കെട്ട് ഇത്തവണ മുട്ടോളമാണ്.
തീരദേശ റോഡുകൾ മിക്കതും വെള്ളത്തിൽ മുങ്ങിയതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനാൽ നാശനഷ്ട കണക്കെടുപ്പ് പോലും കൃത്യമായി നടത്താനും റവന്യൂ അധികൃതർക്ക് സാധിക്കുന്നില്ല. പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ നൂറിലേറെ വീടുകളാണ് രണ്ട് വർഷത്തിനിടെ കടലെടുത്തത്. നിരവധി വീടുകൾ പാതി തകർന്ന് താമസയോഗ്യമല്ലാതാവുകയും ചെയ്തു.
മുൻ വർഷങ്ങളിൽ കടലാക്രമണ സമയങ്ങളിൽ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറി താമസിച്ചവർക്ക് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറിപ്പോകാൻ പോലും ഇടമില്ലാതായി. തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും, ചെറിയ കുട്ടികളുമായി കോവിഡ് സമ്പർക്ക സാധ്യതയെത്തുടർന്ന് ക്യാമ്പുകളിലേക്ക് മാറാൻ മടിച്ചിരിക്കുകയാണ് ഇവർ. നേരേത്ത ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും ഇത്തവണ ഇതും പ്രയാസത്തിലാണ്.
വാടക വീടുകളിലേക്ക് മാറാൻ തയാറാണെങ്കിലും കോവിഡിനെത്തുടർന്ന് വാടക വീടുകൾ ലഭിക്കാനും പ്രയാസം നേരിടുന്നുണ്ട്. അതേസമയം, കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തുന്നതിനൊപ്പം, മഴവെള്ളവും തീരത്ത് കെട്ടിനിൽക്കുന്നതിനാൽ പകർച്ചരോഗ ഭീതിയിലാണ് തീരദേശം. കിണറുകളിലെ വെള്ളം മലിനമായതിനാൽ കുടിവെള്ളവും മുടങ്ങിയ സ്ഥിതിയാണ്.
എടപ്പാളിൽ വ്യാപക നാശം
എടപ്പാൾ: മേഖലയില്‍ രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ശനിയാഴ്ച പുലര്‍ച്ച നെല്ലിശ്ശേരി എ.യു.പി.എസ് സ്കൂള്‍ മതില് വീണതിനെ തുടർന്ന് നെല്ലിശ്ശേരി-കക്കിടിപ്പുറം റോഡില്‍ ഗതാഗതം മുടങ്ങി. നാട്ടുകാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. എടപ്പാൾ ഉദിനിക്കര പുതിയിരുത്തി ശബരീഷെൻറ വീട്ടിലെ കിണർ ആൾമറയോടു കൂടി ഇടിഞ്ഞ് താഴ്ന്നു. മോട്ടോറും പമ്പ് സെറ്റും കിണറിൽ അകപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. എടപ്പാൾ തലമുണ്ടയിൽ കനത്ത മഴയിൽ ആശാരിപുരക്കൽ കൃഷ്ണദാസിെൻറ വീട്ടിലെ കിണറും ഇടിഞ്ഞ് വീണു. കാലടി 13ാം വാർഡ് മൂർച്ചിറ കൊളത്തോള്ളവളപ്പിൽ ഹുസൈെൻറ വീട്ടുമതിൽ തകർന്ന് വീണു. കനത്ത മഴയിൽ തോടുകളും പാടങ്ങളും നിറഞ്ഞു.
എടക്കുളത്ത് കടകളിൽ വെള്ളം കയറാൻ സാധ്യത; വ്യാപാരികൾ ആശങ്കയിൽ
തിരുനാവായ: എടക്കുളം സിമൻറ് യാർഡിെൻറ വടക്കുഭാഗത്തുകൂടി പോകുന്ന അഴുക്കുചാൽ അടഞ്ഞതിനാൽ മഴ വെള്ളം കടകളിൽ കയറുമെന്ന ആശങ്കയിൽ വ്യാപാരികൾ. മുൻ വർഷങ്ങളിൽ ഇവിടെ നിരവധി കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശം സംഭവിച്ചിരുന്നു. വർഷക്കാലത്തിന് മുമ്പായി അഴുക്കുചാൽ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. വൈകിയ സമയത്തെങ്കിലും അഴുക്കുചാൽ വൃത്തിയാക്കി അങ്ങാടിയിൽ വെള്ളം കയറാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കുളം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.പി. ചിന്നൻ അധ്യക്ഷത വഹിച്ചു. പി. യാഹുട്ടി സംസാരിച്ചു.
കോൾ പടവിൽ 300 ഏക്കർ കൃഷി വെള്ളത്തിൽ
ചങ്ങരംകുളം: മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ തിരുത്തുമ്മൽ കോൾ പടവിൽ 300 ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങി. കൊയ്ത്തിന് തയാറായ വിളഞ്ഞ പാടങ്ങളാണ് മഴയിൽ മുങ്ങിയത്. ഏറെ വെള്ളം ഉയർന്നതിനാൽ യന്ത്രമിറക്കാനോ കൊയ്തെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. വെള്ളം നിറഞ്ഞ് നെൽചെടികൾ മറിഞ്ഞു വീണതിനാൽ വിളഞ്ഞ നെല്ലുകൾ മുഴുവൻ നശിക്കുന്ന സ്ഥിതിയാണ്. പല കർഷകരും പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്. കോൾപടവ് കമ്മിറ്റിയിലെ തർക്കങ്ങൾ കാരണം കൃഷിയിറക്കാൻ വൈകിയതും കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന മൂപ്പ് കുറഞ്ഞ നെല്ല് കൃഷി ചെയ്യാത്തതും വിനയായി. നന്നംമുക്ക് കൃഷി ഓഫിസർ വൃന്ദ, കൃഷി അസി. സന്ദീപ്, പാടശേഖര സമിതി സെക്രട്ടറി പി.കെ. സുനിൽ കുമാർ, കെ വി. മുസ്തഫ എന്നിവർ കൃഷിസ്ഥലം സന്ദർശിച്ചു.
പുഞ്ചകൃഷി വെള്ളത്തിൽ
തിരുനാവായ: പഞ്ചായത്തിലെ സൗത്ത് പല്ലാറിൽ 20 ഏക്കറോളം വരുന്ന പുഞ്ചപ്പാടം കനത്ത മഴയിൽ വെള്ളത്തിലായി. വിളവെടുക്കാറായ ഏക്കർ കണക്കിന് നെൽകൃഷിയാണ് ഇതോടെ നശിക്കുന്നത്. മതിയായ നഷ്ടപരിഹാരം വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.