കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സാമൂഹികവിരുദ്ധ ശല്യം തടയാന്‍ സെക്യൂരിറ്റി പോസ്റ്റുകള്‍
text_fieldsതേഞ്ഞിപ്പലം: സാമൂഹികവിരുദ്ധ ശല്യം തടയാന്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സെക്യൂരിറ്റി പോസ്റ്റുകള്‍ സ്ഥാപിക്കുന്നു. 10 ലക്ഷം രൂപ വിനിയോഗിച്ച് വില്ലൂന്നിയാല്‍ വഴി കടക്കാട്ടുപാറയിലേക്കുള്ള റോഡിന്റെ തുടക്ക ഭാഗത്തും ലൈഫ് സയന്‍സ് പഠനവിഭാഗത്തിന് പിറകിലായുമാണ് സെക്യൂരിറ്റി പോസ്റ്റുകള്‍ സജ്ജീകരിക്കുന്നത്. മുകളില്‍ നിരീക്ഷണ സൗകര്യവും താഴെ ടോയ്ലറ്റും സെക്യൂരിറ്റി പോസ്റ്റുകളിലുണ്ടാകും.
രണ്ട് വര്‍ഷം മുമ്പ് സര്‍വകലാശാല വനിത ഹോസ്റ്റലിന് പിറക് വശത്ത് സെക്യൂരിറ്റി പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഭാവിയില്‍ കാമ്പസിന്റെ മറ്റു ഭാഗങ്ങളിലും നിരീക്ഷണ സംവിധാനം സ്ഥാപിച്ചേക്കും. ദേശീയപാതയില്‍നിന്ന് വില്ലൂന്നിയാല്‍ വഴി കടക്കാട്ടുപാറയിലേക്കുള്ള റോഡിലെ തുടക്ക ഭാഗത്താണ് ഒരു സെക്യൂരിറ്റി പോസ്റ്റ്. ഇവിടങ്ങളിലെ കാടുമൂടിയ പ്രദേശങ്ങളിലും കാലപ്പഴക്കം ചെന്ന ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളിലും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് വിവരമുണ്ട്. ലൈഫ് സയന്‍സ് പഠനവിഭാഗത്തിലെ എ.സിയുടെ ചെമ്പുകമ്പി മോഷ്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പഠനവിഭാഗം കെട്ടിടത്തിന് പിറകില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണ്.
സെക്യൂരിറ്റി പോസ്റ്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി സുരക്ഷാജീവനക്കാരെ നിയോഗിക്കും. കാമ്പസിലേക്കുള്ള റോഡല്ലാത്ത വഴികളെല്ലാം അടക്കും. ഇലക്ട്രിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ഒരു മാസത്തിനകം തന്നെ സെക്യൂരിറ്റി പോസ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് സര്‍വകലാശാല എൻജിനീയര്‍ ജയന് പാടശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.