മലപ്പുറം നഗരസഭയിൽ ആകെ മൊത്തം അപാകത
text_fieldsമലപ്പുറം: 2019 -20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ മലപ്പുറം നഗരസഭ ഭരണസമിതിക്കെതിരെ ഗുരുതര പരാമർശങ്ങൾ. തെരുവുവിളക്ക് അറ്റകുറ്റപ്പണി, മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കൽ, വാടകക്ക് കെട്ടിടം നൽകൽ, നഗരസഭാധ്യക്ഷക്ക് വാഹനം വാങ്ങൽ, എെൻറ ഹോട്ടൽ പദ്ധതിക്ക് റിവോൾവിങ് ഫണ്ട് നൽകൽ തുടങ്ങിയവയിലാണ് അപാകതകൾ ചൂണ്ടിക്കാട്ടുന്നത്.
തെരുവുവിളക്ക് അറ്റകുറ്റപ്പണിയിൽ നിയമങ്ങൾ പാലിച്ചില്ല
തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിലും അനുബന്ധ സാമഗ്രികൾ വാങ്ങിയതിലും നഗരസഭ സർക്കാർ നിയമങ്ങൾ പാലിച്ചില്ലെന്നതാണ് കണ്ടെത്തൽ. 18.20 ലക്ഷം രൂപയാണ് ഇക്കാലയളവിൽ തെരുവുവിളക്ക് വാങ്ങാനും അറ്റകുറ്റപ്പണികൾ നടത്താനും വിനിയോഗിച്ചത്.
എസ്റ്റിമേറ്റ് തയാറാക്കാതെ പണി പൂർത്തിയാക്കി. പദ്ധതി നിർവഹണത്തിന് മുമ്പ് നിലവിൽ പ്രവർത്തിക്കുന്നതും പ്രവർത്തനരഹിതവുമായ വിവരങ്ങൾ ലഭ്യമാക്കിയില്ല. നഗരസഭയും കെ.എസ്.ഇ.ബിയും സംയുക്ത പരിശോധന നടത്തിയതുമില്ല. തെരുവുവിളക്ക് പണി വൈദ്യുതി വകുപ്പിെൻറ അംഗീകാരമില്ലാതെ കരാറുകാരെ ഏൽപിക്കരുത് എന്ന ചട്ടവും പാലിച്ചില്ല. കെ.എസ്.ഇ.ബി അസി. എൻജിനീയറുടെ മേൽനോട്ടത്തിലായിരിക്കണം അറ്റകുറ്റപ്പണി.
സാമഗ്രികളുടെ വില വൈദ്യുതി ബോർഡ് നിശ്ചയിച്ച നിരക്കിനെക്കാൾ കൂടാനും പാടില്ല. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ വൈദ്യുതി വകുപ്പും നഗരസഭയും കരാറുകാരനും പ്രാരംഭഘട്ടം മുതൽ സംയുക്ത പരിശോധന നടത്തേണ്ടതുണ്ട്. പണി ആരംഭിക്കുമ്പോൾ പരാതി പുസ്തകം വെക്കേണ്ടതുണ്ട്. അതിൽ രേഖപ്പെടുത്തിയ പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്ന വ്യവസ്ഥ കരാറുകാരൻ പാലിച്ചില്ല. വാങ്ങുന്ന ഉപകരണങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ല. കേടായ സാധനങ്ങൾ അതതു ദിവസം തിരികെയെത്തിച്ച് രജിസ്റ്ററിൽ ചേർക്കുകയും അതിെൻറ കൃത്യത ഉറപ്പാക്കുകയും ചെയ്യണമെന്ന നിയമവും പാലിക്കപ്പെട്ടില്ല.
മലിനജല ശുദ്ധീകരണ പ്ലാന്റ് മുന്നൊരുക്കം നടത്താതെ
കോട്ടപ്പടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് വളപ്പിൽ മലപ്പുറം നഗരസഭ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തത് ബൈലോ തയാറാക്കാതെയും മുന്നൊരുക്കം നടത്താതെയുമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2020 ജനുവരി നാലിന് തുറന്ന പ്ലാന്റിൽനിന്ന് പ്രതിദിനം 30,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, രണ്ട് വർഷമായിട്ടും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വാടക കുടിശ്ശികയുള്ളവർക്കും നഗരസഭ മുറികൾ
നഗരസഭയുടെ കീഴിലെ കെട്ടിടങ്ങളിലെ മുറികളുടെ വാടകക്കരാർ സൂക്ഷിക്കുകയോ പുതുക്കി നൽകുകയോ ചെയ്തില്ല. വാടക അടക്കാത്തവർക്കും നഗരസഭയുടെ മുറികൾ നൽകി. 10 പേർ വാടക കുടിശ്ശിക അടക്കാതെ നഗരസഭയുടെ കീഴിലുള്ള കെട്ടിടത്തിലെ മുറികൾ കൈവശം വെക്കുന്നുണ്ട്. ഇവർ വാടകകുടിശ്ശിക ഇനത്തിൽ അടക്കാനുള്ളത് 6.12 ലക്ഷം രൂപയാണ്. കുടിശ്ശിക ഈടാക്കി അവരെ ഒഴിപ്പിക്കണമെന്നും മുറികൾ പുനർലേലം ചെയ്യണമെന്നും നിർദേശമുണ്ട്.
വാഹനം വാങ്ങിയതിലും പിഴച്ചു
സർക്കാർ അനുമതി വാങ്ങാതെയാണ് നഗരസഭാധ്യക്ഷക്ക് പുതിയ വാഹനം വാങ്ങിയത്. ഇതു നിയമലംഘനമാണ്. മുമ്പ് ഉപയോഗിച്ച വാഹനത്തിെൻറ വിവരവും ലഭ്യമാക്കിയില്ല. നഗരസഭയുടെ കുടുംബശ്രീ എെൻറ ഹോട്ടൽ പദ്ധതിക്ക് റിവോൾവിങ് ഫണ്ട് നൽകിയതിൽ സർക്കാർ നിർദേശം പാലിച്ചിട്ടില്ല.
നടപടിക്രമങ്ങൾ പാലിക്കാതെ പിഴപ്പലിശ ഒഴിവാക്കി നൽകി. നഗരസഭ സെക്രട്ടറി നിർവഹണം നടത്തിയ വിവിധ പദ്ധതികളുടെ രേഖ ലഭ്യമായില്ലെന്നും വിവിധ ഡെപോസിറ്റ് പ്രവൃത്തികൾ പൂർത്തീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നികുതി പിരിക്കുന്നതിലും ഈടാക്കുന്നതിലും അപാകതയുണ്ടായതായും പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.