എള്ളുകൃഷി വെള്ളത്തിൽ
text_fieldsമങ്കട: ശക്തമായ വേനൽമഴയിൽ വയലിൽ വെള്ളം പൊങ്ങിയതോടെ എള്ളുകൃഷി വെള്ളത്തിൽ. തുടർച്ചയായി മൂന്നാം വർഷമാണ് കൃഷി നശിക്കുന്നത്. രണ്ട് വർഷവും കൃഷി നശിച്ചതിനാൽ നാമമാത്ര കർഷകരാണ് ജില്ലയിൽ എള്ളുകൃഷി ചെയ്തിട്ടുള്ളത്.
മകരത്തിൽ പൊടിയിൽ വിതച്ച് മേടം പകുതിക്ക് ശേഷം വിളവെടുക്കുന്നതാണ് എള്ളുകൃഷി. ‘പൊടിയിൽ വിതക്കണം, നനവിൽ പൂക്കണം’ എന്നാണ് പഴമൊഴി. മകരത്തിൽ പൊടി വിതയിൽ മുളക്കുന്ന എള്ള് കുംഭത്തിലെ ഇടമഴയിൽ വളർന്ന് പൂത്ത് നല്ല വിളവ് ലഭിക്കും. എന്നാൽ, ഇത്തവണ ഇടമഴ ലഭിച്ചില്ല. പകരം വിളവെടുക്കുന്ന സമയത്താണ് കനത്ത മഴയിൽ വയലിൽ വെള്ളം കയറിയത്. കായ പിടിച്ച് കനം കൂടിയ എള്ള് ചെടി മറിഞ്ഞ് വീണതിനാൽ വെള്ളം മാറിയാലും വിളവെടുപ്പ് പ്രയാസമാകും.
പ്രധാന വിള അല്ലാത്തതിനാൽ ഇൻഷുറൻസ് സംരക്ഷണമില്ലെന്നും ഇക്കാരണത്താൽ നഷ്ടപരിഹാരം കിട്ടില്ലെന്നും മങ്കട കൃഷി ഓഫിസർ സമിർ മാമ്പ്രതൊടി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ മങ്കട പഞ്ചായത്തിൽ 2800 കുലച്ച വാഴകളും 150 കുലക്കാത്ത വാഴകളും നശിച്ചതായും കൃഷി ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.