മലിനജല ശുദ്ധീകരണ പ്ലാന്റ് പൂർത്തീകരണം കടലാസിൽ
text_fieldsമലപ്പുറം: നാലു വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിയാതെ കോട്ടപ്പടി നഗരസഭ ബസ് സ്റ്റാൻഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റ്. മലിനജലത്തിലെ ഓയിൽ വേർതിരിച്ച് ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. പ്രശ്നം പരിഹരിക്കാൻ 12 ലക്ഷത്തോളം തുക ചെലവ് വരും. ഇതിൽ ആറുലക്ഷം രൂപ 2021 -22 വർഷത്തെ പദ്ധതിയിൽ നഗരസഭ വകയിരുത്തിയിരുന്നു. ബാക്കി ആറ് ലക്ഷം രൂപ ഹോട്ടൽ ഉടമകളോട് നൽകാനും നിർദേശം നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ നീണ്ടതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡുമായി നഗരസഭ ചർച്ച നടത്തി പദ്ധതി യാഥാർഥ്യമാക്കാൻ നിശ്ചയിച്ചിരുന്നു.
എന്നാൽ, നഗരസഭയുടെ ഭാഗത്തുനിന്ന് തുടർന്ന് നടപടികളില്ലാതെ വന്നതോടെ നിശ്ചലമായി. മുന്‍ ഭരണസമിതിയുടെ കാലത്താണ് കോട്ടപ്പടി ബസ് സ്റ്റാൻഡില്‍ 28.5 ലക്ഷം രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിച്ചത്. ഇത് പിന്നീട് പ്രവര്‍ത്തനം നിലച്ചു. 30,000 ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യമുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് സെപ്റ്റിക് മാലിന്യം ആവശ്യമാണ്. കൂടാതെ മലിനജലത്തില്‍നിന്ന് ഓയില്‍ വേര്‍തിരിച്ചു നല്കിയാല് മാത്രമേ ജലശുദ്ധീകരണം നടപ്പാക്കാനാകൂ. പദ്ധതി നടപ്പാക്കാത്തതിൽ ഓഡിറ്റ് പരാമർശമുണ്ടായിരുന്നു. പദ്ധതി പ്രശ്നം പഠിക്കാൻ ഉപസമിതിയെ വെച്ചിരുന്നെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.