എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം: ആദ്യകാല വിദ്യാർഥി നേതാക്കൾ പങ്കിട്ടത് ചോര കിനിയുന്ന ഓർമകൾ
text_fieldsപെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന മുൻകാല നേതൃസംഗമത്തിൽ നിറഞ്ഞത് ചോര കിനിയുന്ന സമരകാല സ്മരണകൾ. സമരപോരാട്ടങ്ങളുടെ ഓർമകളുമായി ഒത്തുചേർന്ന പഴയകാല നേതൃത്വം പുതിയ വിദ്യാർഥി യുവജനങ്ങൾക്ക് മുന്നിലാണ് അനുഭവങ്ങൾ പങ്കുവെച്ചത്.
അടിയന്തരാവസ്ഥയുടെ കിരാതസ്മരണകളും പ്രീഡിഗ്രി ബോർഡിനെതിരെ നടന്ന സമരങ്ങളും പോളിടെക്നിക് സമരങ്ങളും സ്വാശ്രയസമരങ്ങളും നേതാക്കൾ പങ്കുവെച്ചു. അഞ്ചുപതിറ്റാണ്ടിനിടെ എസ്.എഫ്.ഐ നേതൃനിരയിൽ പ്രവർത്തിച്ചവരാണ് പങ്കെടുത്തത്.
എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ കാലങ്ങളിൽ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളായ പി. ശശി, യു.പി. ജോസഫ്, സി.എച്ച്. ആഷിഖ്, പുത്തലത്ത് ദിനേശൻ, ടി.പി. ബിനീഷ്, ഡോ. ജെ. ഷിജുഖാൻ, എം. വിജിൻ എം.എൽ.എ, ജെയ്ക്ക് സി. തോമസ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി.പി. സാനു, സ്വാഗതസംഘം രക്ഷാധികാരി ഇ.എൻ. മോഹൻദാസ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ സ്വാഗതം പറഞ്ഞു.
സംസ്ഥാന സമ്മേളന ഭാഗമായി പുറത്തിറക്കിയ 'സമരസാക്ഷ്യം' പുസ്തകം മുൻ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശൻ പ്രകാശനം ചെയ്തു. കെ.എം. സച്ചിൻദേവ് എം.എൽ.എ ഏറ്റുവാങ്ങി. വിദ്യാർഥിപ്രസ്ഥാനത്തിന്റെ ചരിത്രപ്രദർശനമാണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.