ഈ ബോട്ട് പറപറക്കും കരയിലും വെള്ളത്തിലും
text_fieldsമലപ്പുറം: കടലുണ്ടിപ്പുഴയോരത്തെ പട്ടർക്കടവ് ഒറുവുംകടവ് ചോലക്കാപ്പറമ്പൻ ശംസുദ്ദീന് പ്രളയത്തിന് മുന്നിൽ ഇനിയും പകച്ചുനിൽക്കാനാകില്ല.
രണ്ട് തവണയും എട്ട് മീറ്റർ ഉയരത്തിൽ വീട്ടിൽ വെള്ളം കയറി ദുരിതം അനുഭവിച്ചതാണ്. പ്രളയത്തിൽനിന്ന് രക്ഷനേടാനും രക്ഷാപ്രവർത്തനം നടത്താനും സ്വന്തമായി ബോട്ട് തന്നെ നിർമിച്ചിരിക്കുകയാണ് ഇദ്ദേഹം. കരയിലും വെള്ളത്തിലും ഒരുപോലെ ഈ ബോട്ട് പ്രവർത്തിപ്പിക്കാനാകും എന്നതാണ് ഇതിെൻറ പ്രത്യേകത.
കഴിഞ്ഞ പ്രളയ സമയത്ത് പരിക്ക് പറ്റിയവരെ മലപ്പുറത്തെ ആശുപത്രികളിൽ എത്തിക്കാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്. പട്ടർക്കടവിൽനിന്ന് ചുങ്കം മേൽമുറി വഴി ചുറ്റിയാണ് ആശുപത്രികളിൽ എത്തിയത്.
ഇനി ബോട്ടുള്ളതിനാൽ പട്ടർക്കടവിൽനിന്ന് പുഴയിലൂടെ ഹാജിയാർ പള്ളിയിലെത്തി മലപ്പുറത്തെ ആശുപത്രികളിൽ ചികിത്സ തേടാനാകും. വീട്ടിൽനിന്ന് സാധന സാമഗ്രികൾ സുരക്ഷിത സ്ഥാനത്തേക്കും ക്യാമ്പുകളിലേക്കും മാറ്റാനും ചക്രമുള്ളതിനാൽ സൗകര്യമാണെന്ന് ശംസുദ്ദീൻ പറയുന്നു.
എട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയും. നാല് ചക്രമുള്ളതിനാൽ ഏത് ദുരിത സ്ഥലത്തേക്കും വലിച്ചും ചുമന്നും കൊണ്ടുപോകാം. മരം, പ്ലാസ്റ്റിക്, പ്ലൈവുഡ്, ഫൈബർ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്.
മേൽക്കൂരയും അതിന് മുകളിൽ സോളാർ പാനലും ഘടിപ്പിച്ചിട്ടുള്ളതിനാൽ മറ്റു ഇന്ധനങ്ങൾ ഉപയോഗിക്കുന്നില്ല. ഇത് വഴി അന്തരീക്ഷ മലിനീകരണം തടയാനാകും.
നാലുദിവസം കൊണ്ട് നിർമിച്ച ഈ ബോട്ടിന് 50,000 രൂപയാണ് ചെലവ്. ഇലക്ട്രീഷ്യനായ ഇദ്ദേഹം ഇത്തരത്തിലുള്ള കൂടുതൽ ബോട്ടുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്.
കടലുണ്ടിപ്പുഴയിൽ ഇറക്കി പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ബോട്ടുനിർമാണം തുടങ്ങിയതോടെ മക്കളും നാട്ടുകാരും പിന്തുണയുമായെത്തി. ഹസീനയാണ് ഭാര്യ. ഷംസീന, സാലിഹ്, സാലിം, ഷാഹിദ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.