ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു
text_fieldsമലപ്പുറം: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. എ.ആർ നഗർ പഞ്ചായത്തിലെ ഒന്നര വയസ്സുള്ള കുട്ടിക്കാണ് സ്ഥിരീകരിച്ചത്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രത പാലിക്കണം -ഡി.എം.ഒ
മലപ്പുറം: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ഒരാഴ്ചയോളം സമയംകൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. പക്ഷേ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത്്വരുന്നതിനാല് രോഗം മറ്റുള്ളവര്‍ക്ക് പകരുന്നതിന് സാധ്യതയുണ്ട്. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കും. മരണം വരെ സംഭവിക്കും.
-തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കണം
-പൂർണമായും വേവിച്ച ഭക്ഷണം കഴിക്കണം
-കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം
-ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യണം
-ആഹാരസാധനങ്ങളില്‍ ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കണം
-കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കണം
-പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം
-മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകണം
-ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം
-വയറിളക്കമുണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ കുടിക്കുക
-വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം
-രോഗത്തിന് കൃത്യമായ ചികിത്സ തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.