മലപ്പുറം ജില്ലയിൽ കുട്ടികൾക്കുള്ള പ്രതിരോധ വാക്സിനും തുള്ളിമരുന്നുകൾക്കും ക്ഷാമം
text_fieldsമലപ്പുറം: ജില്ലയിൽ കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ വാക്സിനും തുള്ളിമരുന്നുകൾക്കും ക്ഷാമം രൂക്ഷം. പോളിയോക്കെതിരെയുള്ള ഐ.പി.വി, വയറിളക്കത്തിനെതിരെയുള്ള റോട്ട വൈറസ്, ന്യൂമോണിയക്കെതിരെയുള്ള പി.സി.വി എന്നീ പ്രതിരോധ കുത്തിവെപ്പ് മരുന്നുകളാണ് ലഭ്യതക്കുറവുള്ളത്. ഇവ ലഭിക്കാതെ പലരും ആശുപത്രികളിൽനിന്ന് മടങ്ങിപ്പോകുകയാണ്. പകർച്ചവ്യാധികൾ തടയുകയും കുട്ടികൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നത് വാക്സിനുകളാണ്.
ഒന്നര മാസത്തിലും മൂന്നര മാസത്തിലുമാണ് ഐ.പി.വി നൽകുന്നത്. മുമ്പ് തുള്ളിമരുന്നായിരുന്നു. ഇപ്പോൾ കുത്തിവെപ്പായാണ് നൽകുന്നത്. റോട്ട വൈറസ് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലാണ് നൽകേണ്ടത്. പി.സി.വി ഒന്നര മാസത്തിലും മൂന്നര മാസത്തിലും 10 മാസം തികയുമ്പോഴുമാണ് നൽകേണ്ടത്. ഒരു വയസ്സിനുള്ളിൽ എല്ലാ വാക്സിനുകളും കുട്ടികൾക്ക് നൽകണം. സാർവത്രിക കുത്തിവെപ്പ് യജ്ഞത്തിൽ ഉൾപ്പെടുന്നവയാണ് ഈ മൂന്ന് വാക്സിനുകളും. ഇവ നൽകിയില്ലെങ്കിൽ പൂർണമായും കുത്തിവെപ്പ് എടുത്തവരുടെ എണ്ണത്തിൽ ജില്ല പിറകോട്ട് പോകും. സംസ്ഥാനത്ത് വാക്സിനുകളുടെ ലഭ്യതക്കുറവില്ലെന്നും ജനസംഖ്യാടിസ്ഥാനത്തിൽ ഇവ വിതരണം ചെയ്യാത്തതാണ് ജില്ലയിൽ കുറവ് വരാൻ കാരണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. പി.സി.വിക്ക് സ്വകാര്യ ആശുപത്രിയിൽ 2000ത്തിന് മുകളിലാണ് വില.
മൂന്ന് ഡോസുകൾ എടുക്കാൻ സാധാരണക്കാരന് ഭീമമായ തുക ചെലവാകും. ഓരോ പഞ്ചായത്തിലും ആവശ്യമുള്ളതിെൻറ 20 ശതമാനത്തിൽ താഴെയാണ് വിതരണം ചെയ്യുന്നത്. ഐ.പി.വി, പി.സി.വി, റോട്ട വൈറസ് എന്നിവ പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക്, ജില്ല ആശുപത്രികൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഐ.പി.വി, റോട്ട വൈറസ്, പി.സി.വി എന്നിവ കേന്ദ്രസർക്കാറാണ് നൽകുന്നത്.
പേ വിഷബാധ വാക്സിനും ക്ഷാമം
നായ്, പൂച്ച എന്നിവയുടെ കടിയേറ്റാൽ നൽകാനുള്ള പേ വിഷബാധ വാക്സിനായ ഐ.ഡി.ആർ.വിക്കും (ഇൻട്ര ഡെർമൽ റാബീസ് വാക്സിൻ) ജില്ലയിൽ കടുത്ത ക്ഷാമമുണ്ട്. നിലവിൽ മലപ്പുറം, തിരൂരങ്ങാടി താലൂക്ക് ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതുകാരണം ദൂരസ്ഥലങ്ങളിലുള്ളവർക്ക് വിഷബാധയേറ്റാൽ ഇവിടെ എത്താൻ ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളജ് ആശുപത്രി വഴിയാണ് സി.എച്ച്.സി, താലൂക്ക്, ജില്ല ആശുപത്രികളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നത്. സാധനം സ്റ്റോക്കില്ല എന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിക്കുന്നത്. നായുടെ കടിയേറ്റാൽ നാലു തവണയാണ് കുത്തിവെപ്പ് എടുക്കുന്നത്. കടിയേറ്റ ദിവസവും മൂന്ന്, ഏഴ്, 21 ദിവസങ്ങളിലും കുത്തിവെപ്പ് എടുക്കണം. പേ വിഷബാധക്ക് മറ്റു മരുന്നുകളില്ല.
ജില്ലയിൽ ഒരുമാസത്തോളമായി പ്രതിരോധ കുത്തിവെപ്പ് മരുന്നുകൾക്ക് ക്ഷാമമുണ്ട്. ആരോഗ്യവകുപ്പിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐ.പി.വി, പി.സി.വി, റോട്ട വൈറസ് എന്നിവ കേന്ദ്ര സർക്കാറാണ് വിതരണം ചെയ്യേണ്ടത്. ഐ.ഡി.ആർ.വി ക്ഷാമം പെരിന്തൽമണ്ണയിൽനിന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഡോ. എ. ഷിബുലാൽ, ജില്ല ആര്.സി.എച്ച് ഓഫിസര്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.