ആധാരം രജിസ്ട്രേഷനില്‍ ഗണ്യമായ കുറവ്; കൂപ്പുകുത്തി റിയല്‍ എസ്റ്റേറ്റ് മേഖല
text_fieldsതേഞ്ഞിപ്പലം: സാമ്പത്തിക പ്രതിസന്ധിയും ഭൂമിയുടെ ന്യായവില വര്‍ധനവും കാരണം ജില്ലയില്‍ ആധാരം രജിസ്ട്രേഷനില്‍ ഗണ്യമായ കുറവ്. ഭൂവില്പന കുത്തനെ കുറഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും കൂപ്പുകുത്തി. ജില്ലയിലെ 27 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ദിനംപ്രതി നാമമാത്രമായ ആധാരം രജിസ്ട്രേഷനുകള്‍ മാത്രമാണ് നടക്കുന്നത്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഈ മേഖലയിലാകെ മന്ദഗതിയാണ്. നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയും പ്രതിസന്ധിയും റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിരുന്നു.ന്യായവില ഒറ്റയടിക്ക് 20 ശതമാനം വര്‍ധിപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.
മുന്‍വര്‍ഷങ്ങളില്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലുണ്ടായ ആധാരം രജിസ്ട്രേഷനുകളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ പ്രതിമാസം ശരാശരി 100 രജിസ്ട്രേഷനുകളുടെ കുറവാണുണ്ടായിരിക്കുന്നത്.ഒഴിമുറി, ഭാഗപത്രം തുടങ്ങിയ രജിസ്ട്രേഷനുകള്‍ മാത്രമേ നിലവില്‍ നടക്കുന്നുള്ളൂവെന്ന് ജില്ല രജിസ്ട്രാര്‍ അജിത്ത് സാം ജോസഫ് പറഞ്ഞു.
വീടുവെക്കാനും മറ്റുമായി കുറഞ്ഞ അളവില്‍ ഭൂമി വാങ്ങുന്നവരും വില്‍ക്കുന്നവരുമാണ് മിക്കവരും. പ്രതിദിനം 20 മുതല്‍ 30 വരെ ആധാരം രജിസ്ട്രേഷനുകള്‍ മുന്‍ വര്‍ഷങ്ങളില്‍ ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലുണ്ടായിരുന്നു. എന്നാലിന്ന് നാല്, അഞ്ച് എന്നീ നിലയിലാണ് പ്രതിദിന ആധാരം രജിസ്ട്രേഷന് കണക്ക്. ന്യായവിലയിലുണ്ടായ 20 ശതമാനം വര്‍ധനവ് കാരണം ഭൂമിക്രയവിക്രയത്തിന് ഉടമകള്‍ തയാറാകാത്ത സ്ഥിതിയാണ്.
ഇത് നികുതിയിനത്തില്‍ സര്‍ക്കാറിലേക്ക് ലഭിക്കേണ്ട വരുമാനത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന നൂറുകണക്കിനാളുകള്‍ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സംഘടനകളും നിര്‍ജീവാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.