സിൽവർ ലൈൻ: മന്ത്രിമാർക്കുമുൻപിൽ ആശങ്കയും ചോദ്യശരങ്ങളുമായി നാട്...
text_fieldsമലപ്പുറം: കാസര്‍കോട്-തിരുവനന്തപുരം അർധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ 'ജനസമക്ഷം സില്‍വര്‍ ലൈന്‍' പരിപാടിയുമായി സംസ്ഥാന സർക്കാർ. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി. അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി എന്നിവരാണ് മലപ്പുറത്തെ രാഷ്ട്രീയ സാംസ്കാരിക-വ്യവസായ-പരിസ്ഥിതി സംഘടനകളുമായി പദ്ധതി സംബന്ധിച്ച് വിശദീകരിച്ചത്. 200ഓളം പേർ പങ്കെടുത്ത പരിപാടി രാവിലെ 10.30ന് തുടങ്ങി ഒരുമണിയോടെയാണ് അവസാനിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവും കേരളത്തിന്റെ സ്വപ്നപദ്ധതിയുമാണെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു.
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നല്‍കിയതോടെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുന്നതാണ്. അത് പരമാവധി കുറക്കാനാണ് ലോകം മുഴുവനും ശ്രമിക്കുന്നത്. 2025ഓടെ 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനാവുമെന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പാരിസ്ഥിതിക നേട്ടമെന്നും മന്ത്രി പറഞ്ഞു. പി. നന്ദകുമാര്‍ എം.എല്‍.എ, മുന്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്, കെ-റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ, കെ-റെയിൽ ജോയന്റ് ജനറൽ മാനേജർ ജി. അനിൽകുമാർ എന്നിവരും പങ്കെടുത്തു. 200 കിലോമീറ്റർ വേഗത്തിൽ 37 ട്രെയിനുകളാണ് ദിവസവും സർവിസ് നടത്തുക. ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ അധികൃതർ നൽകിയ മറുപടി താഴെ.
വിദേശ സ്ഥാപനങ്ങളിൽനിന്ന് എത്ര വായ്പ?
സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കാൻ വിദേശ ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണ് പ്രധാനമായും വായ്പ എടുക്കുന്നത്. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 33,700 കോടി രൂപ വായ്പ എടുക്കുകയാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണ് വായ്പ എടുക്കുന്നത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസി (ജൈക), ജർമൻ കമ്പനി എന്നിവയാണ് വായ്പ നൽകുന്നത്. വളരെ കുറഞ്ഞ നിരക്കിലാണ് 'ജൈക' വായ്പ നൽകുന്നത്- നാല് ശതമാനത്തിൽ കുറഞ്ഞ പലിശയാണ്. 18,000 കോടി രൂപ വായ്പ നൽകാൻ സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് വായ്പ എടുക്കാൻ പ്രധാന ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. ബ്രിഡ്ജ് ലോൺ, ലാൻഡ് കോസ്റ്റ് എന്നിവക്ക് ശ്രമിക്കുന്നു. വായ്പക്ക് ഗാരന്റി നൽകുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകളാണ്. പദ്ധതി പ്രവർത്തനസജ്ജമായാൽ അഞ്ച് വർഷത്തേക്ക് മൊറട്ടോറിയമുണ്ട്. 20 വർഷം കൊണ്ട് മുതലും പലിശയും തിരിച്ചടക്കും. അതിന് ശേഷം പലിശയില്ല. കടം തിരിച്ചടക്കാൻ തുടങ്ങും.
എത്ര അകലം മാറി നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകും?
നിലവിൽ ഇന്ത്യൻ റെയിൽവേയുടെ മാനദണ്ഡ പ്രകാരം ട്രാക്കിൽനിന്ന് 30 മീറ്റർ പരിധിയിൽ നിർമാണ പ്രവർത്തനം നടത്താൻ അനുമതി വേണം. എന്നാൽ, സിൽവർ ലൈൻ ട്രാക്കിൽനിന്ന് 10 മീറ്ററിനുള്ളിൽ നിർമാണ പ്രവൃത്തി നടത്താൻ അനുമതിയുണ്ട്. അഞ്ച് മീറ്ററിനുള്ളിൽ നിർമാണ പ്രവർത്തനം നടത്താൻ അനുവദിക്കുകയില്ല. നിലവിൽ വീടോ മറ്റ് സ്ഥാപനമോ ഉണ്ടെങ്കിൽ നിലനിർത്താം. അഞ്ച് മീറ്ററിനുള്ളിൽ മറ്റ് നിർമാണ പ്രവർത്തനം അനുവദിക്കില്ല.
വസ്തു പൂർണമായി ഏറ്റെടുക്കുമോ?
പദ്ധതിക്കുവേണ്ടി ആവശ്യമായ സ്ഥലം ഏറ്റെടുത്ത്, ഉടമയുടെ കൈവശം മിച്ചമുള്ള ചെറിയ ഭാഗം നൽകാൻ സന്നദ്ധമെങ്കിൽ അതും ഏറ്റെടുക്കും. വലിയ ഭാഗങ്ങൾ വിട്ടുനൽകാൻ തയാറാണെങ്കിൽ അവ കൂടി ഏറ്റെടുക്കും. നിർമാണത്തിനാവശ്യമായ കല്ല്, മണൽ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവക്ക് സംസ്ഥാനത്തെ മാത്രം ആശ്രയിക്കില്ല. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് ആവശ്യമുള്ളവ എത്തിക്കും. അതിന് റെയിൽവേയുമായി ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്. കച്ചവടസ്ഥാപനം നഷ്ടപ്പെടുന്നവർക്ക് സ്റ്റേഷനുകളിലും മറ്റും ആരംഭിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം തുടങ്ങാൻ മുൻഗണന നൽകും.
പൊതുജനങ്ങൾക്ക്ഓഹരി ലഭിക്കും
4282 കോടി രൂപ ഓഹരിയായി പൊതുജനങ്ങൾക്ക് നൽകും. പ്രോജക്ട് അനുമതിയായാൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടും.
ഇതിനേക്കാൾ ലാഭം ജലഗതാഗതമോ?
ജലസ്രോതസ്സുകളിലൂടെയുള്ള ഗതാഗതം താരതമ്യേന ചെലവ് കുറഞ്ഞതാണ് എന്നത് ശരിയാണ്. എന്നാൽ, വേഗതയുണ്ടാകില്ല. ജലഗതാഗതം വഴി നാല് മണിക്കൂറിനുള്ളിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താൻ സാധ്യമല്ല.
ട്രെയിൻ കയറാൻ കാർ എത്തുമോ?
കാസർകോട് മുതൽ തിരുവനന്തപുരം വരെ ട്രെയിനിൽ ചരക്ക് ലോറി കൊണ്ടുപോകാൻ റോറോ സൗകര്യം ലഭ്യമാണ്. 40 ചരക്ക് ലോറികളെ ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കും.
ഡീസൽ ചാർജ്, തേയ്മാനം, ടോൾ ചാർജ്, സമയം എന്നിവ ലാഭിക്കാം. ആറ് മണിക്കൂറുകൊണ്ട് പോകാൻ സാധിക്കും. വിവിധ ജില്ലകളിൽ അതിന് സ്റ്റോപ്പുകളുണ്ടാകും. എന്നാൽ, കാർ കൊണ്ടുപോകുന്നത് സംബന്ധിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്.
തിരൂരിൽനിന്ന് കരിപ്പൂരിലേക്കും അലിഗഢ് കാമ്പസിലേക്കും
ജില്ലയിലെ ഏക സ്റ്റോപ് തിരൂരിലെ വട്ടത്താണിയിലാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് കരിപ്പൂർ വിമാനത്താവളം, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ ടൗണുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ സർവിസ് നടത്തും. അലിഗഢ് സർവകലാശാലയുടെ പെരിന്തൽമണ്ണ കാമ്പസിലേക്കും സർവിസുണ്ടാകും.
നിലവിലെ ട്രെയിനുകളുടെ സ്റ്റോപ് കുറച്ചാൽ
നിലവിലെ ട്രെയിനുകൾ കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താൻ 11 മണിക്കൂർ സമയം എടുക്കുന്നു. രാജധാനി പോലുള്ള ട്രെയിനുകൾ ഒമ്പത് സ്റ്റേഷനുകളിൽ നിർത്തി ഒമ്പത് മണിക്കൂർ എടുക്കുന്നുണ്ട്. അവയുടെ രണ്ടോ മൂന്നോ സ്റ്റോപ്പുകൾ കുറച്ചാൽ നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്താൻ സാധ്യമല്ല. കൂടാതെ നിരവധി പാസഞ്ചർ, ഗുഡ്സ് ട്രെയിനുകൾ പിടിച്ചുവെച്ചാണ് അത് കടന്നുപോകുന്നതും. നമുക്ക് വേണ്ടി റെയിൽവേ അവരുടെ സർവിസ് നിർത്തിവെക്കില്ല. അതിന് പുതിയ റെയിൽവേ ട്രാക്ക് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.