സിൽവർ ലൈൻ കല്ലിടൽ; പൊന്നാനി താലൂക്കിൽ സംഘർഷാവസ്ഥ, ഉദ്യോഗസ്ഥർ മടങ്ങി
text_fieldsതവനൂർ: സിൽവർ ലൈൻ പദ്ധതിക്കായി പൊന്നാനി താലൂക്കിൽ കല്ലിടാൻ ശ്രമിച്ചത് സംഘർഷാവസ്ഥക്കിടയാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. രണ്ടാം ദിവസം സ്വകാര്യ ഭൂമിയിൽ കല്ലിടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വ്യാഴാഴ്ച രാവിലെ 9.30ന് തവനൂർ കാർഷിക കോളജ് കാമ്പസിന് അകത്ത് കല്ലിട്ടതിന് ശേഷം പുറത്തെ സ്വകാര്യ ഭൂമിയിലെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സമരസമിതി പ്രവർത്തകരും തടഞ്ഞു. കാർഷിക കോളജിലെ ഫാം ഹൗസ് കഴിഞ്ഞ ഉടൻ ഐഡിയൽ സ്കൂളിെൻറ ബസുകൾ നിർത്തിയിട്ടുന്ന സ്ഥലത്താണ് കല്ലിടാൻ ശ്രമിച്ചത്.
കല്ലിടുമെന്ന അറിയിപ്പിനെ തുടർന്ന് രാവിലെ മുതൽ തന്നെ പ്രദേശത്ത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ തടിച്ചുകൂടിയിരുന്നു. 11.30ന് പൊലീസ് സംഘം കല്ലിടുന്ന പ്രദേശത്ത് സുരക്ഷയൊരുക്കി. തുടർന്ന് സെപഷൽ തഹസിൽദാർ അബ്ദുൽ ഹക്കീം നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തിയതോടെ പ്രതിഷേധക്കാർ തടഞ്ഞു. ഇരുക്കുട്ടരും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലെയിലും അനുരജ്ഞന ശ്രമം നടത്തിയതും വിജയിച്ചില്ല.
തുടർന്ന് ഉദ്യോഗസ്ഥ സംഘം പിന്മാറി. ഉച്ചക്ക് നാട്ടുകാരും പിരിഞ്ഞു പോയി. തുടർന്ന് ഉച്ചക്ക് ശേഷം അയങ്കലം മാങ്കുത്ത് പാടത്ത് കല്ലിട്ടാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് കൂടുതൽ പേർ തടിച്ചുകൂടി. കല്ലിടുന്നതിനായി കുഴിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ നാട്ടുകാർ തള്ളിമാറ്റി. ഇതോടെ പൊലീസ് ഇടപെട്ട് നാട്ടുകാരെ മാറ്റി. ജനവാസ മേഖലയല്ലാത്ത പാടം പോലുള്ള ഇടങ്ങളിൽ കല്ലിടാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാരും പറഞ്ഞു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. അരമണിക്കൂർ നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ ഉദ്യോഗസ്ഥർ മടങ്ങി. നാട്ടുകാർ കൈയേറ്റം ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
തവനൂർ: അടുത്ത ദിവസങ്ങളിലും കല്ലിടുന്നത് തടയുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. തിരുന്നാവായക്ക് ശേഷം തവനൂരിലും സ്വകാര്യ ഭൂമിയിൽ കല്ലിടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കാൻ നീക്കം. തവനൂരിൽ രണ്ടാം ദിവസം പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല. അടുത്ത ദിവസം മറവഞ്ചേരി ഭാഗത്ത് കല്ലിടാനാണ് സാധ്യത. കല്ലിടാത്ത പ്രദേശങ്ങളിൽ ആദ്യ റൗണ്ട് പൂർത്തിയായതിന് ശേഷം കല്ലിടും. പറിച്ചിട്ട കല്ലുകളും അടുത്ത റൗണ്ടിൽ വീണ്ടും നാട്ടും. ഏപ്രിൽ 30നകം ആദ്യ റൗണ്ട് സർവേകല്ല് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.