അനാഥാലയത്തിലെ വെള്ളിനക്ഷത്രം
text_fieldsതേഞ്ഞിപ്പലം: അണ്ടർ 14 ട്രയാത്തലണിലെ വെള്ളി മെഡൽ സൂക്ഷിക്കുക അനാഥാലായത്തിൽ. ഉറ്റവരെന്ന് പറയാൻ ആരോരുമില്ലാത്തതിനാൽ അഞ്ചാം വയസ്സ് മുതൽ തവനൂർ ചിൽഡ്രൻസ് ഹോമിൽ വളരുന്ന പി.കെ. സുനീഷിെൻറ വെള്ളിക്ക് പൊന്നിനേക്കാൾ തിളക്കവുമുണ്ട്. കടകശ്ശേരി ഐഡിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സുനീഷ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ഇറങ്ങിയത്.
60 മീറ്റര്‍, ബോള്‍ത്രോ, ലോങ് ജംപ് എന്നിവയായിരുന്നു ട്രയാത്തലണിലെ ഇനങ്ങൾ. സുനീഷ് 1420 പോയന്റ് നേടി. കോഴിക്കോടിെൻറ പി. അമല്‍ 1682 പോയന്റോടെ ഒന്നാമനും. യു.പി സ്കൂൾ കുട്ടികൾക്കായി നടത്തിയ ട്രയൽസിലേക്ക് സുനീഷിനെ എത്തിച്ചത് ഐഡിയലിലെ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറായ ഷാഫി അമ്മായത്താണ്. ട്രയൽസിൽ തിളങ്ങിയപ്പോൾ സുനീഷിെൻറ പരിശീലനവും പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജർ മജീദ് ഐഡിയൽ പ്രഖ്യാപിച്ചു. മൂന്നുവർഷമായി നദീഷ് ചാക്കോക്ക് കീഴിലാണ് പരിശീലനം.
ഐഡിയലിലെ ഹോസ്റ്റലിലാണ് താമസം. അവധിക്ക് മറ്റു കുട്ടികൾ വീടുകളിലേക്ക് മടങ്ങുമ്പോൾ സുനീഷ് പോവുന്നത് ചിൽഡ്രൻസ് ഹോമിലേക്കാണ്. സംസ്ഥാനതലത്തിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് സുനീഷ്.
കരോലിനക്ക് ഹാപ്പി ക്രിസ്മസ്
തേഞ്ഞിപ്പലം: കഴിഞ്ഞ തവണ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ട സി. കരോലിനക്ക് ഇക്കുറി റെക്കോഡോടെ കുതിപ്പ്. അണ്ടര്‍ 16 ഹൈജമ്പിലാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ നേട്ടം.
കോട്ടയത്തിെൻറ ഡിബി സെബാസ്റ്റ്യന്‍ എട്ടു വര്‍ഷമായി നിലനിര്‍ത്തിയ റെക്കോഡാണ് തകര്‍ത്തത്. 2013ല്‍ ഡിബി 1.63 മീറ്റര്‍ ചാടിയെങ്കിൽ കരോലിന 1.64ലേക്ക് ഉയർന്നു. പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ താരമായ കരോലിന ലോങ് ജംപില്‍ വെള്ളി നേടിയിട്ടുണ്ട്. പുല്ലൂരാംപാറ കുമ്പളാനിക്കല്‍ കെ.വി. മാത്യുവിെൻറയും ജോളിയുടെയും മകളാണ്. സഹോദരി ട്രീസ മാത്യു മീറ്റില്‍ കഴിഞ്ഞദിവസം 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു.
നൂറിൽ തുടങ്ങി ഇരുനൂറിൽ നിർത്തി ഷാൻ
തേഞ്ഞിപ്പലം: അണ്ടർ 18 മെൻ 100 മീറ്ററിലെ സ്വർണപ്രകടനം 200 മീറ്ററിലും ആവർത്തിച്ച് മലപ്പുറത്തിെൻറ മുഹമ്മദ് ഷാൻ. 22.28 സെക്കൻഡിലാണ് കടകശ്ശേരി ഐഡിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ താരം ഫിനിഷ് ചെയ്തത്. ആതവനാട് കാട്ടിലങ്ങാടിയിലെ പുലാത്തിയ്യത്ത് സൈനുദ്ദീനും ഫൗസിയയുമാണ് മാതാപിതാക്കൾ.
നേരത്തെ കാട്ടിലങ്ങാടി പി.എം.എസ്.എ സ്കൂളിലായിരുന്നു. ഫുട്ബാൾ താരമായിരുന്ന ഷാനിെൻറ വേഗം കണ്ട് കായികാധ്യാപകൻ ജംഷാദാണ് സ്പ്രിൻറ് ഇനങ്ങൾ ചെയ്യാൻ നിർദേശിച്ചത്.
അണ്ടർ 20 മെൻ 200 മീറ്ററിൽ ആലപ്പുഴയുടെ അഭിജിത് സൈമൻ (22.42 സെക്കൻഡ്), വനിതകളിൽ എറണാകുളത്തിെൻറ വി.എസ്. ഭവിക (25.73 സെക്കൻഡ്), അണ്ടർ 18 വിമനിൽ കോഴിക്കോടിെൻറ സാനിയ ട്രീസ ടോമി (25.64 സെക്കൻഡ്) എന്നിവരും സ്വർണം നേടി.
ഐഡിയൽ മികവിൽ ഏഴഴകിലാറാടി മലപ്പുറം
തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റില്‍ മലപ്പുറം ഏഴ് സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവും കൈക്കലാക്കി 259 പോയന്റോടെ ആതിഥേയരായ മലപ്പുറത്തിന് ആറാം സ്ഥാനം. ആകെ 35 മെഡലുകളിൽ 19ഉം കടകശ്ശേരി ഐഡിയലിെൻറ വകയാണ്. അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഐഡിയല്‍ ജില്ലക്ക് സമ്മാനിച്ചത്. അണ്ടര്‍ 18 ബോയ്സ് 100 മീറ്ററിലും 200 മീറ്ററിലും ഒന്നാമനായ മുഹമ്മദ് ഷാന്‍, അണ്ടര്‍ 16 ബോയ്സ് ഹെക്സാത്തലൻ റെക്കോഡോടെ സ്വര്‍ണം നേടിയ ഇര്ഫാന് മുഹമ്മദ്, അണ്ടര്‍ 18 വിമൻ വിഭാഗത്തില്‍ 2000 മീറ്റര്‍ സ്റ്റീപ്പിൾ ചേസ് ജേത്രി ജനീറ്റ ജോസഫ്, അണ്ടര്‍ 18 വിമൻ ജാവലിൻ ത്രോ നേടിയ ഐശ്വര്യ സുരേഷ് എന്നിവരാണ് ഐഡിയലിെൻറ ഗോൾഡൻ താരങ്ങൾ.
അണ്ടര്‍ 16 ബോയ്സ് 5000 മീറ്റര്‍ നടത്തത്തില്‍ കാവനൂര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കെ.കെ. ജിതിന് രാജ്, അണ്ടര്‍ 16ല്‍ ജാവലിൻ ത്രോയില്‍ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിെൻറ അശ്വിന് എന്നിവരാണ് ജില്ലയുടെ മറ്റ് സ്വര്‍ണ വേട്ടക്കാര്‍. ആദ്യമായാണ് സംസ്ഥാന അത്ലറ്റിക് മീറ്റില്‍ ഐഡിയല്‍ ഇത്രയും മെഡലുകള്‍ കരസ്ഥമാക്കുന്നതെന്ന് സ്കൂള്‍ മാനേജര്‍ മജീദ് ഐഡിയല്‍, കോച്ച് നദീഷ് ചാക്കോ, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഷാഫി അമ്മായത്ത് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.