തലചായ്ക്കാന്‍ ഇടമില്ലാതെ കരിമ്പ് കോളനിയിലെ ആറ് കുടുംബങ്ങൾ
text_fieldsഊര്‍ങ്ങാട്ടിരി: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കരിമ്പ് ആദിവാസി കോളനിയില്‍ തലചായ്ക്കാന്‍ വീടില്ലാതെ ആറ് കുടുംബങ്ങള്‍ ദുരിതത്തിൽ. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡിലാണ് ഈ ആറ് കുടുംബങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ രാത്രി കാലങ്ങളിൽ ഉൾപ്പെടെ അന്തിയുറങ്ങുന്നത്. അടുക്കളയും കിടപ്പുമുറിയും എല്ലാം ഒറ്റ മുറിയിൽ തന്നെയാണ്. ഓമന മജു, ബാലകൃഷ്ണന്, പ്രിയേഷ്, ശ്രീധരന്, പ്രിയാ സുബ്രമണ്യന്‍, ശാരദാ ചന്ദ്രന് എന്നിവരുടെ കുടുബങ്ങളാണ് വീട് ഇല്ലാത്തതിനെ തുടർന്ന് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്.
ഇഴജന്തുക്കൾ മുതൽ വന്യജീവികൾ വരെയുള്ള പ്രദേശത്ത് പച്ചമണ്ണില്‍ പായ വിരിച്ചാണ് ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ അന്തിയുറക്കം. സര്‍ക്കാര്‍ എവിടെ സ്ഥലം വാങ്ങി വീടുവെച്ച് നല്കിയാലും ഞങ്ങൾ പോകാൻ തയാറാണെന്ന് കുടുംബങ്ങൾ പറയുന്നു. 2019ലെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് ശേഷം ഈ പ്രദേശത്ത് ആളുകൾ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും എത്രയും പെട്ടെന്ന് ഇവരെ മാറ്റി പാര്‍പ്പിക്കണമെന്നും ജിയോളജി വകുപ്പ് പരിശോധനക്ക് ശേഷം അധികൃതർക്ക് മുന്നറിയിപ്പ് നല്‍കിയിയിരുന്നു. എന്നിട്ടും ഈ ആറ് കുടുംബങ്ങളുടെ നരകജീവിതം കാണാൻ അധികൃതർക്കായില്ല.
ഇവർ താമസിക്കുന്ന ഈ സ്ഥലം പരിസ്ഥിതി ലോലപ്രദേശം ആയതിനാൽ പുതുതായി വീട് നിർമിക്കാൻ അനുമതിയുമില്ല. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് തങ്ങളെ ഇവിടെ നിന്ന് മാറ്റണമെന്നാണ് കുടുംബങ്ങൾ പറയുന്നത്. ഇവർക്ക് വീടും സ്ഥലവും നൽകാനുള്ള അടിയന്തര നടപടി ആരംഭിക്കണമെന്ന് ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടെസി സണ്ണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.