മലപ്പുറത്തിന് ‘സന്തോഷം’; സന്തോഷ് ട്രോഫിയിൽ ജില്ലയിൽനിന്ന് ആറ് പേർ
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിൽ ജില്ലയിൽനിന്ന് ആറുപേർ. ടീം മാനേജറും മലപ്പുറത്ത് നിന്നാണ്. ജില്ല ഡി.എഫ്.എ സെക്രട്ടറി ഡോ. സുധീർ കുമാറാണ് ടീം മാനേജർ. യു. മുഹമ്മദ് സാലിം, എൻ.പി. അക്ബർ സാദിഖ്, കെ. അബ്ദുറഹീം, പി.പി. മുഹമ്മദ് നിഷാദ്, പി.പി. മുഹമ്മദ് സഫ്നീദ്, മുഹമ്മദ് അസ്ഹർ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മലപ്പുറത്തുകാർ. ഗോള്‍വല കാക്കുന്ന മൂന്നുപേരില്‍ രണ്ടുപേരും മലപ്പുറത്തുകാരാണ്. കേരള പൊലീസ് താരം മുഹമ്മദ് അസ്ഹര്‍, ഈസ്റ്റ്ബംഗാള്‍ താരം മുഹമ്മദ് നിഷാദ് എന്നിവരാണ് മലപ്പുറത്തുനിന്ന് ഇടംപിടിച്ച ഗോള്‍കീപ്പര്‍മാര്‍. മുഹമ്മദ് സാലിമിനും അബ്ദുറഹീമിനും മുഹമ്മദ് അസ്ഹറിനും സന്തോഷ് ട്രോഫിയിൽ ഇത് രണ്ടാമൂഴമാണ്.
സംസ്ഥാന സീനിയിര്‍ ഫുട്ബാള്‍ ചാമ്പ്യന്മാരായ തൃശൂർ ടീമിന്റെ താരമായിരുന്നു സഫ്നീദ്. നാലു വര്‍ഷമായി കാലിക്കറ്റ് സർവകലാശാല താരമാണ്. 2021ല്‍ അഖിലേന്ത്യാ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റിനെ നയിച്ചിരുന്നത് സഫ്നീദായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ഥിയാണ്. തിരൂര്‍ കട്ടച്ചിറ ചേരാഞ്ചേരിപറമ്പില് കബീര്‍ - സാബിറ ദമ്പതികളുടെ മകനാണ്. മുഹമ്മദ് അസ്ഹര്‍ രണ്ടാം തവണയാണ് സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിക്കുന്നത്.
പാതായിക്കര കരുണാകരത്ത് അഷ്റഫിന്റെയും സലീനയുടെയും മകനാണ്. വഴിക്കടവ് സ്വദേശിയായ പി.പി. മുഹമ്മദ് നിഷാദ് 2017ലെ സംസ്ഥാന സ്കൂള്‍ ടീമില്‍ അംഗമായിരുന്നു. നിലവില്‍ ഈസ്റ്റ്ബംഗാള്‍ താരമാണ്. പുതുവൽ പുത്തൻവീട് നൗഷാദിന്റെയും ഷാജിദയുടെയും മകൻ.
കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച മുഹമ്മദ് സാലിം വിങ് ബാക്കായും മിഡ്ഫീല്‍ഡറായും മികച്ച കളി പുറത്തെടുക്കുന്ന താരമാണ്. അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ എം.ജി സർവകലാശാല താരമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ഇ.ബി.യില്‍ പ്രവേശിക്കുന്നത്. വളാഞ്ചേരി വെണ്ടല്ലൂർ ഉണ്യേങ്ങൽ മുഹമ്മദ് നാസർ-മൈമൂന എന്നിവരാണ് മാതാപിതാക്കൾ. ബാസ്കോ ഒതുക്കുങ്ങലിന്റെ താരമായ കാടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മധ്യനിരയിലും മുന്നേറ്റ നിരയിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിക്കായി ബൂട്ട് കെട്ടിയിരുന്നു. ഉമ്മർ കല്ലന്റെയും കെ.കെ. ആസിയയുടെയും മകനാണ്. ലെഫ്റ്റ് വിങറായ അക്ബര്‍ സിദ്ദീഖ് ഐക്കരപ്പടി സ്വദേശിയാണ്. ഇംഗ്ലണ്ടിലെ മൊറകാംബേ എഫ്.സിയിൽ പരിശീലനം നേടിയ താരം കൂടിയാണ്.
റാഫി മൻസിലിൽ പരേതനായ മുഹമ്മദ് റാഫിയുടെയും പി. സുഹ്റയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.