സ്മാർട്ട് കൃഷിഭവൻ: മലപ്പുറം ജില്ലയിൽ ആദ്യഘട്ടത്തിൽ മൂന്നെണ്ണം
text_fieldsകാർഷിക സേവനങ്ങൾ കാര്യക്ഷമമായും
സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിലെത്തിക്കുകയാണ് ലക്ഷ്യം
സുദേഷ് ഗോപി
മലപ്പുറം: സ്മാർട്ട് കൃഷി ഭവൻ പദ്ധതി ജില്ലയിൽ ആദ്യം മൂന്നിടത്ത് നടപ്പാക്കും. കൃഷി വകുപ്പിന്റെ കീഴിൽ തവനൂർ നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോടും വണ്ടൂർ നിയോജക മണ്ഡലത്തിലെ വണ്ടൂരുമാണ് ആദ്യമായി പദ്ധതി ആരംഭിക്കുക. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എൽ.ഡി.സി) വഴി റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്) ഉപയോഗിച്ച് തിരൂർ നിയോജ മണ്ഡലത്തിലെ തിരുനാവായ കൃഷി ഭവനും സ്മാർട്ടാകും. കൃഷി വകുപ്പിന് കീഴിലെ പദ്ധതിക്ക് 12.5 ലക്ഷം വീതം അനുവദിച്ചു. ഇതിന് എസ്റ്റിമേറ്റ് എടുക്കാൻ നടപടിയും തുടങ്ങി. 25 ലക്ഷം വീതമാണ് കൃഷി വകുപ്പ് ആകെ അനുവദിക്കുന്നത്.
ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഒരു കൃഷിഭവൻ സ്മാർട്ടാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 28 കൃഷിഭവനാണ് ആദ്യഘട്ടത്തിൽ ഇടംപിടിച്ചത്. ആർ.ഐ.ഡി.എഫ് ഫണ്ടിൽ സംസ്ഥാനത്ത് 14 എണ്ണവും നടപ്പാക്കുന്നുണ്ട്.
പട്ടിക പ്രകാരം ഇനി 14 നിയോജക മണ്ഡലത്തിലാണ് പദ്ധതി നടപ്പാക്കാനുള്ളത്. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ വാഴക്കാട്, ഏറനാട് മണ്ഡലത്തിൽ ഊർങ്ങാട്ടിരി, കോട്ടക്കലിലെ ഇരിമ്പിളിയം, തിരൂരിലെ വളവന്നൂർ, വേങ്ങരയിലെ ഊരകം, മലപ്പുറത്ത് പൂക്കോട്ടൂർ, പൊന്നാനിയിൽ ആലങ്കോട്, താനൂരിൽ ചെറിയമുണ്ടം, തിരൂരങ്ങാടിയിൽ നന്നമ്പ്ര, വള്ളിക്കുന്നിലെ പെരുവള്ളൂർ, മങ്കടയിൽ അങ്ങാടിപ്പുറം, പെരിന്തൽമണ്ണയിൽ ആലിപ്പറമ്പ്, മഞ്ചേരിയിൽ പാണ്ടിക്കാട്, നിലമ്പൂരിൽ വഴിക്കടവ് എന്നിവിടങ്ങളിലാണ് അടുത്തഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
കാർഷിക സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിലെത്തിക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ഐ.ടി, ഫ്രണ്ട് ഓഫിസ് സേവന സംവിധാനം എന്നിവ പദ്ധതി വഴി കർഷകന് ലഭിക്കും.
കൂടാതെ കൃഷിസ്ഥലങ്ങളുടെയും ഫാം പ്ലാനിന്റെയും ഡിജിറ്റലൈസേഷൻ, നഴ്സറികളുടെയും ഫാമിന്റെയും ഡിജിറ്റലൈസേഷൻ, ജലസേചന സൗകര്യങ്ങളോടുകൂടിയുള്ള ഗ്രീൻ ഹൗസുകളുടെ നിർമാണം, കൃഷിഭവൻ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയവ ആർ.ഐ.ഡി.എഫ് വഴിയും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.