തിരുനാവായയിൽ ആയിരത്തോളം ചാക്ക് മണൽ പിടികൂടി
text_fieldsതിരുനാവായ: ഭാരതപ്പുഴ കടവിൽ അനധികൃത വിൽപനക്കായി നിറച്ചുവെച്ച ആയിരത്തോളം ചാക്ക് മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്ത് പുഴയിലേക്കുതന്നെ തട്ടി. തിരുനാവായ വില്ലേജ് ഓഫിസർ കിരൺപ്രഭാകരൻ നേതൃത്വം നൽകിയ പരിശോധനയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ എ.കെ. അഷറഫ്, പി. മണികണ്ഠൻ, വി. ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു. പുഴയിലെ വിവിധ കടവുകളിൽ രാത്രിസമയത്ത് മണൽക്കൊള്ള നടക്കുന്നതായ പരാതിയെ തുടർന്നായിരുന്നു പരിശോധന. ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ പൊലീസിനെ കണ്ട് അമിതവേഗതയിൽ ഓടിയ മണൽ ലോറി നിയന്ത്രണം വിട്ട് എടക്കുളത്ത് കടയിലേക്ക് ഇടിച്ചുകയറി വൻ നഷ്ടം വരുത്തിയിരുന്നു.
മണൽകടത്ത്: പൊലീസ് എത്തിയ കാറിനുമുന്നില്‍ തടസ്സം സൃഷ്ടിച്ച് ലോറി കടത്തി
കുറ്റിപ്പുറം: മണൽകടത്ത് പിടിക്കാന്‍ പൊലീസ് സംഘമെത്തിയ കാറിനുമുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് മണല്‍ലോറി കടത്തിക്കൊണ്ടുപോയി. പൊലീസ് സഞ്ചരിച്ച സ്വകാര്യ കാറില്‍ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. രാങ്ങാട്ടൂര്‍ കമ്പനിപ്പടിയിലാണ് നാടകീയ സംഭവങ്ങൾ. നമ്പറില്ലാത്ത ടിപ്പര്‍ ലോറി ഉപയോഗിച്ചുള്ള മണല്‍ കടത്ത് പിടികൂടാന്‍ ജീവന് പണയപ്പെടുത്തി പൊലീസ് ലോറിക്ക് പിന്നാലെ കുതിക്കുന്ന ദൃശ്യവും പുറത്തുവന്നു.
കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിപിന്‍ സേതു, രഞ്ജിത്ത് എന്നിവര്‍ സ്വകാര്യ കാറില്‍ രാങ്ങാട്ടൂരില്‍ എത്തിയതിന് പിന്നാലെയാണ് സംഭവത്തുടക്കം. മണല്‍കടത്ത് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എസ്.ഐ എ.എം. യാസിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസുകാര്‍ സ്വകാര്യ കാറില്‍ എത്തിയത്.
കമ്പനിപ്പടിയില്‍ വെച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയില്‍ മണല്‍ കടത്തുന്നതു കണ്ട് പൊലീസുകാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. അതോടെ പൊലീസുകാര്‍ ലോറിയെ പിന്തുടര്ന്നു. ചെമ്പിക്കല്‍ റോഡ് വഴി കുതിച്ച ലോറി പാഴൂര്‍ ഊരാത്ത്പള്ളിയില് നിന്ന് പകരനെല്ലൂര്‍ റോഡിലൂടെയാണ് കടന്നത്. ഊരാത്ത്പള്ളി-പകരനെല്ലൂര്‍ റോഡിലെത്തിയതിനിടെയാണ് മണല്‍കടത്ത് സംഘം കാറിലെത്തി ബ്ലോക്കിട്ടത്. അതോടെ പൊലീസ് സംഘത്തിന്റെ വഴിമുടങ്ങി. ഇതിനിടെ മണല്‍ലോറി അതിവേഗം രക്ഷപ്പെട്ടു. പിന്നാലെ കാറിലെത്തിയവരും പൊലീസിനെ വെട്ടിച്ച് കടന്നു.
സംഭവത്തില്‍ കുറ്റിപ്പുറം സ്വദേശി മേലേതില്‍ തസ്നീമിനെ മുഖ്യപ്രതിയാക്കി കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ടിപ്പര്‍ ലോറി ഇടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘത്തിന്റെ കാറിന് കേടുപറ്റി. പൊലീസുകാര്‍ക്ക് നേരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം ചൊരിഞ്ഞായിരുന്നു മണല്‍മാഫിയയുടെ ഇടപെടല്‍.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തസ്നീമിനും സംഘത്തിനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.