വ്യവസായ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന –മന്ത്രി
text_fieldsമലപ്പുറം: ജില്ലയില്‍ വ്യവസായ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇത് പ്രവാസികള്‍ കൂടുതലുള്ള ജില്ലക്ക് ഏറെ ഗുണമാവും. പ്രവാസികള്‍ക്കായി കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻറ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് ഇക്കാര്യത്തില്‍ എല്ലാവരും ശ്രദ്ധപതിപ്പിക്കണമെന്നും മലപ്പുറത്ത് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഓരോ സംരംഭകനുമായി അഞ്ച് ശതമാനം പലിശ നിരക്കില്‍ രണ്ട് കോടി വരെ പദ്ധതി വഴി അനുവദിക്കും. ഇതിനായി 100 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വ്യാവസായിക മേഖലയില്‍ ഒരുപാട് പ്രതിസന്ധികളും സാധ്യതകളുമുണ്ട്. സാധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാനാണ് ശ്രമം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈനിലേക്ക് കൊണ്ടുവന്ന് പുതിയ കാലത്ത് വേഗത്തില്‍ കാര്യങ്ങള്‍ ലഭിക്കുമെന്നതിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ കാലത്തിനിടെ സാധിച്ചു. ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
പരിഗണിച്ചത് 84 പരാതികൾ
മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ 84 പരാതികളാണ് പരിഗണിച്ചത്. 35 എണ്ണം തീർപ്പാക്കി. 19 എണ്ണം മറ്റു വകുപ്പുകളുമായി കൂടി ബന്ധപ്പെട്ടതാണ്. 22ൽ പൊതുവെ തീരുമാനം എടുക്കേണ്ടതാണ്. മന്ത്രിസഭ തലത്തിലെടുക്കേണ്ട ഇത്തരം തീരുമാനങ്ങള്‍ അതിന് ശേഷം തീര്‍പ്പാക്കമെന്നും മന്ത്രി അറിയിച്ചു. കായിക മന്ത്രി വി. അബ്്ദുറഹിമാന്‍, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരാതികളേറെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയുമായി ബന്ധപ്പെട്ട്
പരിപാടിയില്‍ പരാതികളിൽ അധികവും വിവിധ സംരംഭങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിൽനിന്ന് (പി.സി.ബി) അനുമതി ലഭിക്കുന്നതിലെ തടസ്സങ്ങള്‍ സംബന്ധിച്ച്. ഫ്ലവര്‍-ഓയില്‍ മില്‍, ഹോളോബ്രിക്സ് നിര്‍മാണശാല, അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി, ചെറുകിട സംരംഭകര്‍ തുടങ്ങിയവക്ക് സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാതെ കാലതാമസം നേരിടുന്നുണ്ടെന്നായിരുന്നു പരാതികൾ. നിയമവശങ്ങള്‍ നോക്കിയാണ് അനുമതി നല്‍കുന്നതെന്നായിരുന്നു പി.സി.ബി അധികൃതരുടെ വിശദീകരണം.
ഫ്ലവര്‍ ഓയില്‍ മില്ലിലെ ശബ്്ദത്തിെൻറ പേരില്‍ കെട്ടിടത്തിന് ചുറ്റും മൂന്ന് മീറ്റര്‍ ഉയരത്തില്‍ മതില് കെട്ടണമെന്ന പി.സി.ബിയുടെ നിര്‍ദേശത്തിനെതിരെ വണ്ടൂര്‍ സ്വദേശി കെ. മുഹമ്മദ് നല്കിയ പരാതിയില്‍ നിയമപരമായി സംരംഭകന് അനുയോജ്യമായ രീതിയില്‍ നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. വനിത സംരംഭകര്‍ നടത്തുന്ന എടക്കര അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതിെൻറ പേരില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ പി.സി.ബി അനുമതി നിഷേധിച്ച പരാതിയില്‍ പ്രശ്നം ഉടൻ പരിഹരിക്കാന്‍ നടപടിയെടുക്കണം. 2,300 കോഴികുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ അനുവാദമുള്ള കേന്ദ്രത്തില്‍ നാലായിരത്തോളം കോഴികുഞ്ഞുങ്ങളുെണ്ടന്ന കാരണത്തിലാണ് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.
വയോധികെൻറ പരാതിക്ക് ഉടൻ പരിഹാരം; ഹോളോബ്രിക്സ് സ്ഥാപനത്തിന് ലൈസൻസ്
രണ്ട് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്സ് സ്ഥാപനത്തിന് ലൈസന്‍സ് നിഷേധിച്ചെന്ന് പരാതിയുമായി വയോധികൻ വ്യവസായ മന്ത്രിക്ക് മുന്നിൽ. തെന്നല ഇല്ലിക്കൽ തോണ്ടാലി കുഞ്ഞലവി മുസ്ലിയാരാണ് പരാതിക്കാരൻ. 1999 മുതല്‍ തെന്നല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തത്.
ഏകദേശം എട്ട് മാസത്തോളം സംരംഭകന് പ്രയാസം നേരിട്ടതോടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലേക്ക് പരാതിയുമായി എത്തുകയായിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലൈസന്‍സ് കിട്ടാത്തത് ഏറെ വിഷമം സൃഷ്ടിച്ചെന്ന് പരാതിക്കാരൻ വ്യക്തമാക്കി. തുടർന്ന് മന്ത്രി ഇടപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്നം തീര്‍ക്കുകയായിരുന്നു. അടുത്തദിവസം തന്നെ ലൈസന്‍സ് ലഭിക്കുമെന്ന് പി. രാജീവ് ഉറപ്പ് നൽകി.
ഫര്‍ണിച്ചര്‍ യൂനിറ്റിന് രണ്ടുകോടി രൂപ വായ്പ
ആധുനിക സൗകര്യങ്ങളോടുകൂടിയ ഫര്‍ണിച്ചര്‍ യൂനിറ്റ് എന്ന സ്വപ്നം സഫലമാകുന്നതിെൻറ സന്തോഷത്തിലാണ് കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി ഷമീര്‍ ബാബു. എടയൂര്‍ പഞ്ചായത്തില്‍ നിര്‍മാണം ആരംഭിച്ച യൂനിറ്റുമായി ബന്ധപ്പെട്ട് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടുകോടി രൂപ അനുവദിച്ചു. എക്സ്പോര്‍ട്ടിങ് സാധ്യതയുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിക്കായി കെ.എഫ്.സിയില്‍നിന്ന് അഞ്ചുകോടി വായ്പക്ക് അപേക്ഷിച്ചപ്പോള്‍ മൂന്നുകോടി രൂപയാണ് ഷമീറിന് ലഭിച്ചത്. യൂനിറ്റിെൻറ സുഗമമായ നടത്തിപ്പിനായി രണ്ടുകോടി രൂപ കൂടി അനുവദിക്കണമെന്നായിരുന്നു അപേക്ഷ. വേദിയിലുണ്ടായിരുന്ന കെ.എസ്.ഐ.ഡി.സി. എം.ഡി എം.ജി. രാജമാണിക്യം ഉടനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് തുക അനുവദിക്കുകയായിരുന്നു. കൂടുതല്‍ വായ്പ തുക അനുവദിക്കാനും കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും മണ്ണ് നീക്കം ചെയ്യാനുള്ള ജിയോളജി വകുപ്പിെൻറ നടപടികള്‍ വേഗത്തിലാക്കാനുമുള്ള പരാതികളുമാണ് സമര്‍പ്പിച്ചത്. പരാതി കേട്ട മന്ത്രി പി. രാജീവ് ഉടനടി പരിഹാരം കണ്ടെത്തുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
'നല്ല ഷവര്‍മ ഉണ്ടാക്കണം കേട്ടോ'
'നല്ല ഷവര്‍മ ഉണ്ടാക്കണം കേട്ടോ'മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പുതിയ സംരംഭ ആശയവുമായി തന്നെ കാണാനെത്തിയ മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിയോട് മന്ത്രി പി. രാജീവ് നല്കിയ ഉപദേശം ഇങ്ങനെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്്ടമുള്ള വിഭവമായ ഷവര്‍മയിലൂടെ സംരംഭക രംഗത്തേക്ക് പ്രവേശിക്കാനെത്തിയ സുജയിക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്കി മന്ത്രി.
പഠിച്ചത് ഓട്ടോമൊബൈല്‍ എൻജിനീയറിങ് ആണെങ്കിലും വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ഒരുക്കാനായിരുന്നു മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിക്ക് എന്നും ഇഷ്ടം. അത് ഒരു സംരംഭമായി മാറ്റാനാകുമോ എന്നായി പിന്നീട് സുജയിയുടെ അന്വേഷണം. ആ അന്വേഷണമാണ് ഒരു ഷവര്‍മ സംരംഭകന് എന്ന നിലയിലേക്ക് സുജയിക്ക് വഴിയൊരുക്കിയതും. സംസ്ഥാന സര്‍ക്കാറിെൻറ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി തുക ലഭ്യമാകുന്നറിഞ്ഞ് അപേക്ഷ നല്‍കിയെങ്കിലും പുതിയ ആശയമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും തുക അനുവദിക്കുന്നതില്‍ ഒരു ആശയക്കുഴപ്പം നേരിടുകയായിരുന്നു. ഇതാണ് സുജയിയെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലെത്തിച്ചത്. സുജയിയുടെ ഷവര്‍മ ഫ്യൂഷന്‍ മന്ത്രിക്കും ബോധിച്ചു. മാര്‍ജിന്‍ മണി ഗ്രാൻറ് വഴി തുക അനുവദിക്കാനും ഉത്തരവിട്ടു. പാനിപൂരി ഷവര്‍മ മുതല്‍ 10 വിവിധ തരം ഷവര്‍മകളാണ് സുജയിയുടെ പട്ടികയിലുള്ളത്. നിലവില്‍ വീട്ടില്‍ തന്നെയാണ് ഷവര്‍മ തയാറാക്കുന്നത്. ഗ്രാന്‍ഡ് ലഭ്യമാകുന്നതോടെ മഞ്ചേരി വാഴപ്പാറപ്പടിയില്‍ ഷവര്‍മ ഔട്ട്ലറ്റ് തുടങ്ങാനാണ് പദ്ധതി. ഒപ്പം സ്വന്തമായി ഷവര്‍മ യൂനിറ്റ് ആരംഭിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മറ്റ് കടക്കാര്‍ക്ക് ചെറിയ മുതല്‍ മുടക്കില്‍ ഷവര്‍മ വിതരണം ചെയ്യുന്നതിനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.