തെന്നലയിൽ സ്പെഷൽ വില്ലേജ് ഓഫിസറെ നിയമിച്ച് ഉത്തരവിറക്കി
text_fieldsതിരൂരങ്ങാടി: തെന്നലയിൽ സ്പെഷൽ വില്ലേജ് ഓഫിസറെ നിയമിച്ച് ഉത്തരവിറക്കി. തെന്നല ഓഫീസിൽ വേണ്ട ജീവനക്കാരില്ലാത്തത് മൂലം പ്രവർത്തനം അവതാളത്തിലായ വാർത്ത വെള്ളിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഉടനെ തിരൂരങ്ങാടി തഹസിൽദാർ പി.എസ്. ഉണ്ണികൃഷ്ണനാണ് സ്പെഷൽ വില്ലേജ് ഓഫിസറെ നിയമിച്ച് വെള്ളിയാഴ്ച് ഉത്തരവിറക്കിയത്. ഇതോടെ വില്ലേജ് ഓഫിസർ, രണ്ട് ഫീൽഡ് അസിസ്റ്റൻറ്, സ്പെഷൽ വില്ലേജ് ഓഫിസർ ഉൾപ്പെടെ അംഗസംഖ്യ നാലാവും.
ഒന്നര വർഷത്തിന് ശേഷമാണ് തെന്നലയിൽ സ്പെഷൽ വില്ലേജ് ഓഫിസറെ നിയമിക്കുന്നത്. ഇനി വില്ലേജ് ഓഫിസർ ലീവെടുത്താലും മറ്റ് വില്ലേജ് ഓഫിസർമാർക്ക് ചുമതല കൊടുക്കേണ്ടി വരില്ല. സ്പെഷൽ വില്ലേജ് ഓഫിസർ എത്തുന്നതോടെ പ്രവർത്തനം കാര്യക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് ജനം.
വില്ലേജ് ഓഫിസർ, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻറ്, രണ്ട് ഫീൽഡ് അസിസ്റ്റൻറ് ഉൾപ്പെടെ അഞ്ചു തസ്തികകളാണ് തെന്നല ഓഫീസിൽ വേണ്ടത്. ഇതിൽ വില്ലേജ് ഓഫിസർ, രണ്ട് ഫീൽഡ് അസിസ്റ്റൻറ് ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് ഉള്ളത്.
സ്പെഷൽ വില്ലേജ് ഓഫിസർ തസ്തിക ഒന്നര വർഷമായി ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ടു മാസമായി വില്ലേജ് അസിസ്റ്റൻറ് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വില്ലേജ് ഓഫിസർ ലീവെടുത്താൽ നന്നമ്പ്ര, എടരിക്കോട് ഓഫിസർമാർക്ക് ചുമതല നൽകലാണ് പതിവ്. ഇവർ തെന്നല ഓഫീസിൽ വരാറുമില്ല.
അതുകൊണ്ട് തന്നെ ആ ദിവസങ്ങളിലെ അപേക്ഷകളെല്ലാം ദിവസം വൈകിയാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ഫീൽഡ് അസിസ്റ്റൻറുമാരെ വച്ചാണ് ഇപ്പോൾ ഓഫിസ് പ്രവർത്തിക്കുന്നത്. ഫീൽഡിൽ ഉച്ചക്ക് ശേഷം മാത്രമേ ഇവർക്ക് ഇറങ്ങാനും സാധിക്കുന്നുള്ളൂ. വില്ലേജ് ഓഫിസർ, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻറ് എന്നിവരുടെ ഐഡിയിൽ മാത്രമേ ഓഫീസിലെ അധിക കടലാസ് ജോലികളും അപ്രൂവൽ ചെയ്യാനാവൂ.
ഫീൽഡ് അസിസ്റ്റൻറുമാരുടെ ഐ.ഡിയിൽ നികുതി മാത്രമേ അടച്ചു നൽകാൻ സാധിക്കൂ. ജീവനക്കാരുടെ കുറവ് കാരണം ഓഫിസ് പ്രവർത്തനവും ആകെ താളം തെറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.