ജില്ലയുടെ കായിക താരങ്ങൾക്ക് ഉത്സവാന്തരീക്ഷത്തിൽ സ്വീകരണം
text_fieldsതിരൂർ: 66 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന കായികോത്സവത്തിന്റെ വിജയകിരീടത്തിൽ മുത്തമിട്ട മലപ്പുറം ടീമിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം. തിരൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ടിനാണ് മലപ്പുറം പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ ജില്ലയുടെ അഭിമാന താരങ്ങൾക്ക് സ്വീകരണം നൽകിയത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ജനാവലിയുടെ സാന്നിധ്യത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ല പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാര്‍, ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നസീബ അസീസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, പി.പി. അബ്ദുറഹിമാന് തുടങ്ങിയവരുടെ നേതൃത്വത്തിൽ കായികതാരങ്ങളെയും പരിശീലകരെയും സ്വീകരിച്ചു.
അഭിമാനകരമായ നേട്ടമാണ് വിദ്യാർഥികൾ നേടിയതെന്നും കായികയിനത്തിലും ജില്ല പിറകിലല്ല എന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കായിക താരങ്ങളെ ബാന്റ് മേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ ആനയിച്ച് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിലെ സ്വീകരണ സ്ഥലത്തെത്തിച്ചു. എം.എൽ.എ ഉൾപ്പെടെയുള്ളവർ ഘോഷയാത്രയിൽ അണിനിരന്നു. സ്വീകരണ ചടങ്ങ് തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ, ഹയർസെക്കൻഡറി അസി. കോഓഡിനേറ്റർ ഇസ്ഹാക്ക്, ഡി.പി.സി പി. മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ബാബു വർഗീസ്, കൈറ്റ് കോഓഡിനേറ്റർ ടി.കെ. അബ്ദുൽ റഷീദ്, എച്ച്.എം ഫോറം കൺവീനർ അബ്ദുൽ വഹാബ്, എം.ഡി. മഹേഷ്, മാനേജർ ഫോറം പ്രതിനിധി യൂസഫ് തൈക്കാടൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് പി.എ. ബാവ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ ഡോ. സന്ദീപ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി ഷബിൻ, ഐഡിയൽ കടകശ്ശേശി മാനേജർ മജീദ്, നാവാമുകുന്ദ സ്കൂൾ മാനേജർ ജയറാം, ആലത്തിയൂർ സ്കൂൾ മാനേജർ ഡോ. ടി.പി. ഇബ്രാഹിം, കായികാധ്യാപകരായ ഗിരീഷ്, ഷാജിർ, റിയാസ്, ചാക്കോ, ആക്ട് ട്രഷറർ മനോജ് ജോസ്, കരീം മേച്ചേരി, എ.സി. പ്രവീൺ, കായികതാരങ്ങൾ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പരിമിതിയില്ലാത്ത പോരാട്ട വിജയം
മലപ്പുറം: സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ വികാരനിർഭരരായി ഭിന്നശേഷി വിദ്യാർഥികളായ ജിർഷാന ഷെറിനും ഫാത്തിമ നിഹയും. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇവർ. ജീവിതത്തിലാദ്യമായാണ് ഒരു സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നതും അതിന് പ്രചോദനം നൽകിയവരോട് നന്ദി പറയുകയാണെന്നും ജിർഷാന മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്തെ പ്രതിനിധീകരിച്ച് 112 മിടുക്കന്മാരാണ് എറണാകുളത്ത് നടന്ന കായികോത്സവത്തില്‍ പങ്കെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക മീറ്റായിരുന്നു. ഇത്തവണ മുതല്‍ ഒളിമ്പിക്സ് മാതൃകയില്‍ കായികോത്സവം നടക്കുന്നതുകൊണ്ടാണ് ഭിന്നശേഷി കുട്ടികളേയും ഗള്‍ഫിലുള്ള വിദ്യാര്‍ഥികളേയും പങ്കെടുപ്പിക്കാന്‍ തീരുമാനമായത്. മൂന്നു ബസുകളിലാണ് ഇവര്‍ എറണാകുളത്തെത്തിയത്. 38 ജീവനക്കാര്‍ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കൂടെയുണ്ടായിരുന്നു. ചില കുട്ടികളുടെ രക്ഷിതാക്കളും മക്കളുടെ പ്രകടനം കാണാന്‍ പോയിടരുന്നു.
അത്ലറ്റിക്സ്, ഫുട്ബാള്‍, ഹാന്‍ഡ്ബോള്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലാണ് ഭിന്നശേഷി കുട്ടികള്‍ മത്സരിച്ചത്. 14 വയസ്സിന് മുകളിലും താഴെയും എന്നിങ്ങനെ തിരിച്ച് രണ്ട് വിഭാഗങ്ങളിലാണ് ഇവരുടെ മത്സരങ്ങള്‍. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹാന്‍ഡ്ബോളില്‍ റണ്ണേഴ്സും അഞ്ചുപേര്‍ മത്സരിക്കുന്ന മിക്സഡ് സ്റ്റാന്‍ഡിങ് ലോങ്ജമ്പില്‍ മൂന്നാംസ്ഥാനവും മലപ്പുറത്തിനാണ്.
ഇത് ഒത്തൊരുമയുടെ വിജയം
മലപ്പുറം: ഇത്തവണ സ്കൂളുകളായല്ല മലപ്പുറം ടീമായാണ് ജില്ല കായികമേളയില്‍ മത്സരിച്ചതെന്ന് ഡി.ഡി.ഇ. കെ.പി. രമേഷ്കുമാര്‍ പറഞ്ഞു. ചെറിയ പ്രശ്നങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ കായികമേളയില്‍ സംഭവിച്ചിരുന്നു. അതെല്ലാം തിരുത്തിയായിരുന്നു മുന്നൊരുക്കം. ഉദാഹരണത്തിന് സ്കൂള്‍ എന്ന വേര്‍തിരിവ് മാറ്റി മലപ്പുറം എന്ന ഒറ്റ വികാരമായി കുട്ടികളെ മാറ്റി. റിലേ മത്സരങ്ങളിലെ പാളിച്ചകളാണ് കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടാന്‍ കാരണം. മികച്ച അത്ലറ്റുകളെ തിരഞ്ഞെടുത്ത് അവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ മൈതാനത്ത് രണ്ടുദിവസം പരിശീലനം നല്‍കിയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് ഒരുങ്ങിയത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ ആസൂത്രണത്തിന്റെ വിജയമാണിത്. ജില്ല കായികമേളയില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. ടൈം മിഷന് ഉപയോഗിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സ്കൂളുകള്‍ ആഘോഷത്തിന്റെ ലഹരിയിലാണ്. അതുകൊണ്ടാണ് ചൊവ്വാഴ്ച അവധി കൊടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കായികമേളയുടെ മാന്വല്‍ വായിക്കാതെയാണ് മലപ്പുറത്തെ കുട്ടികള്‍ പങ്കെടുത്തതെന്ന ആരോപണം ഉണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ഡി.ഡി.ഇ. മറുപടി പറഞ്ഞു. പുതിയ രീതി താഴെ തട്ടില്‍ എത്താത്തതാണ് കായികമേളയുടെ അവസാന ദിവസമുണ്ടായ സംഘര്‍ഷത്തിന് കാരണം. രണ്ടാം സ്ഥാനം പ്രതീക്ഷിച്ചായിരുന്നു നാവാമുകുന്ദ സ്കൂളിലെ കുട്ടികള്‍ സമ്മാനദാനത്തിന് ഇറങ്ങിയത്.
എന്നാല്‍ അവാര്‍ഡ് ഹോസ്റ്റല്‍, സ്കൂള്‍ വ്യത്യാസമില്ലാതെ ആയിരുന്നു. ട്രോഫി അനൗണ്‍സ് ചെയ്തപ്പോഴാണ് കുട്ടികള്‍ ഇക്കാര്യമറിഞ്ഞത്. പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തിനു കാരണമായത്. പ്രശ്നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഡി.ഡി.ഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.