എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയോരത്തിന് വിജയത്തിളക്കം
text_fieldsഎടക്കര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയോര മേഖലയിലെ സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മേഖലയിലെ മൂന്ന് സ്കൂളുകള്‍ 100ശതമാനം വിജയം നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ 100ശതമാനം വിജയം നേടിയത് ശ്രദ്ധേയമായി.
നാരോക്കാവ് ഹൈസ്കൂള്‍, ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതന്‍ സ്കൂളുകള്‍ക്കാണ് പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാനായത്. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ അധികവും ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. മുണ്ടേരിയില്‍ പരീക്ഷ എഴുതിയ 66 കുട്ടികളും ജയിച്ചു.
നാരോക്കാവ് സ്കൂളില്‍ പരീക്ഷക്കിരുന്ന 233 കുട്ടികളും വിശ്വഭാരതി വിദ്യാനികേതനിലെ 20 കുട്ടികളും ജയിച്ചു. നാരോക്കാവില്‍ 25ഉം വിശ്വഭാരതിയില്‍ 20ഉം കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ 99.67 ശതമാനവും ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 99.51 ശതമാനവും സി.കെ.എച്ച്.എസ് മണിമൂളിയിൽ 99.40 ശതമാനവും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ 99.10 ശതമാനവുമാണ് വിജയം.
എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (99), മരുത ഗവ. ഹൈസ്കൂള്‍ (98.95), പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 98.87), മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (98.80), പോത്തുകല്‍ കാതോലിക്കേറ്റ് ഹൈസ്കൂള്‍ (98.03) എന്നിങ്ങനെയാണ് വിജയശതമാനം. മിക്ക സ്കൂളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനയുണ്ടായി.
എടക്കര ജി.എച്ച്.എസ് സ്കൂളില്‍ 24 പേരും ചുങ്കത്തറ എം.പി.എം സ്കൂളില്‍ 19 പേരും മൂത്തേടം ജി.എച്ച്.എസ്.എസില്‍ 24 പേരും ചുങ്കത്തറ മാര്‍ത്തോമ സ്കൂളില്‍ 43 പേരും മരുത ജി.എച്ച്.എസില്‍ മൂന്നുപേരും മണിമൂളി സി.കെ.എച്ച്.എസ്.എസില്‍ 27 പേരും പാലേമാട് വിവേകാനന്ദ സ്കൂളില്‍ 44 പേരും എരുമമുണ്ട നിര്‍മ ഹൈസ്കൂളില്‍ 16 പേരും പോത്തുകല്‍ കാതോലിക്കേറ്റ് സ്കൂളില്‍ 24 പേരുമാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.
പൂക്കോട്ടുംപാടം: മലയോരമേഖലയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 622 കുട്ടികൾ പരീക്ഷയെഴുതിയതിൽ 613 പേർ വിജയിച്ച് 99 ശതമാനം വിജയം നേടി. ഇതിൽ 55 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് വിജയം നേടാനായി.
കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 447 വിദ്യാർഥികളിൽ 440 പേർ വിജയിച്ച് 98.4 ശതമാനം വിജയം കരസ്ഥമാക്കി. 30 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി.
പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിൽ നടന്ന അനുമോദനയോഗത്തിൽ പ്രധാനാധ്യാപകൻ മുജീബ്റഹ്മാൻ പന്തലിങ്ങൽ, ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, സ്റ്റാഫ് സെക്രട്ടറി എം.കെ. സിന്ധു, വി.പി. സുബൈർ, സി.ടി. ഫിറോസ് ബാബു, ഇ. ഉണ്ണികൃഷ്ണൻ, സി.പി. ആസ്യ തുടങ്ങിയവർ അനുമോദിച്ച് സംസാരിച്ചു
മികവുമായി കാളികാവ് മേഖലയിലെ സ്കൂളുകൾ
കാളികാവ്: കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും മികച്ച വിജയം.
അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിന് ഏഴാം തവണയും നൂറുമേനി. എ.എച്ച്.എസ് പാറൽ മമ്പാട്ടുമൂല ഹൈസ്കൂളിന് മൂന്നാം തവണയും 100 ശതമാനം ജയം.
പാറൽ മമ്പാട്ടുമൂല എ.എച്ച്.എസ് സ്കൂളിൽ പരീക്ഷ എഴുതിയ 317 പേരും വിജയിച്ചു. 24 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
അഞ്ചച്ചവിടി ജി.എച്ച്.എസിൽ പരീക്ഷയെഴുതിയ 146 പേരും വിജയിച്ചു. ഏഴ് കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏഴാം തവണയാണ് അഞ്ചച്ചവിടി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്.
അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ 747 പേർ പരീക്ഷയെഴുതിയതിൽ 742 കുട്ടികൾ വിജയിച്ചു. 119 കുട്ടികൾക്ക് മുഴുവൻ വിഷയത്തിന് എ പ്ലസ് ലഭിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ സ്കൂൾ മുന്നിലെത്തി.
പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 152 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 151 കുട്ടികളും വിജയിച്ചു.
11 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ അധ്യാപകരും പി.ടി.എ യും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.