മലപ്പുറം ജില്ലയിൽ വിജയച്ചിരി 99.79%
text_fieldsമലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.79 ശതമാനം ജയം. സംസ്ഥാന ശതമാനത്തിൽ നാലാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു. ഇത്തവണ ജില്ല മുന്നോട്ട് കുതിച്ചു. പക്ഷേ മുൻ വർഷത്തെ അപേക്ഷിച്ച് ജയത്തിൽ 0.03 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വർഷം 99.82 ശതമാനമായിരുന്നു ജയം. 79,901 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 40,844 ആൺകുട്ടികളും 38,886 പെൺകുട്ടികളുമടക്കം 79,730 പേർ ഉപരി പഠനത്തിന് അർഹത നേടി. മുൻ വർഷത്തെ പോലെ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് മലപ്പുറം. 11,974 പേരാണ് മുഴുവന് എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ജില്ലയിൽ 11,876 കുട്ടികൾക്കാണ് എ പ്ലസ് നേടിയത്. ഇത്തവണ 98 പേർ അധികമായി എ പ്ലസ് നേടി. 3,559 ആൺകുട്ടികളും 8,415 പെൺകുട്ടികളും എ പ്ലസ് തിളക്കിന്റെ ഭാഗമായി.
മുൻ വർഷത്തെ പോലെ എ പ്ലസിൽ പെൺകുട്ടികളുടെ മുന്നേറ്റം തന്നെയാണ്. 8,365 പെൺകുട്ടികളാണ് കഴിഞ്ഞ തവണ എ പ്ലസ് നേടിയത്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 1,464 ആൺകുട്ടികളും 3,470 പെൺകുട്ടികളും അടക്കം 4,934 പേരാണ് എ പ്ലസ് നേടിയത്. തിരൂരിൽ 511 ആൺകുട്ടികളും 1,311 പെൺകുട്ടികളുമടക്കം 1,822 പേരും വണ്ടൂരിൽ 788 ആൺകുട്ടികളും 1,912 പേരുമടക്കം 2,700 പേരും എ പ്ലസ് നേടിയവരാണ്. തിരൂരങ്ങാടിയിൽ ആകെ 2,518 പേരിൽ 796 ആൺകുട്ടികളും 1,722 പെൺകുട്ടികളും എ പ്ലസ് തിളക്കത്തിലുള്ളവരാണ്. ജില്ലയിൽ ആകെ 239 വിദ്യാലയങ്ങളാണ് 100 ശതമാനം ജയം നേടിയത്.
സർക്കാർ തലത്തിൽ 70, എയ്ഡഡിൽ 46, അൺ എയ്ഡഡിൽ 123 വിദ്യാലയങ്ങളുമാണ് 100 ശതമാനം. കഴിഞ്ഞ വർഷം ജില്ലയിൽ 252 വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയിരുന്നത്. സർക്കാർ തലത്തിൽ 75, എയ്ഡഡിൽ 57, അൺ എയ്ഡഡിൽ 120. പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കരയാണ് കൂടുതൽ പേർ പരീക്ഷ എഴുതി 100 ശതമാനം നേടിയ വിദ്യാലയം.
1,481 പേരാണ് ഇവിടെ ജയിച്ചത്. സർക്കാർ തലത്തിൽ തിരൂർ ജി.ബി.എച്ച്.എസ്.എസാണ് ഏറ്റവും കൂടുതൽ പേരെ വിജയിപ്പിച്ചത്. 677 പേരാണ് തിരൂരിൽ ഉപരി പഠനത്തിന് അർഹരായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിൽ 2082 പേർ ഉപരി പഠനത്തിന് അർഹത നേടി. 2085 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.