പ്രതിസന്ധികളിൽ തളരാതെ നയന: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുംജയം
text_fieldsപൂക്കോട്ടുംപാടം: ജീവിത പ്രതിസന്ധികളിൽ തളരാതെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നയന. പരീക്ഷ നടക്കാനിരിക്കെയാണ് സഹോദരി നന്ദനയുടെ ഉപരിപഠനാർഥം കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ കോഴിക്കോടുവെച്ച് പിതാവ് കുമാരനും സഹോദരി നന്ദനയും കാറപകടത്തിൽ മരിക്കുകയും അമ്മക്ക് പരിക്കേൽക്കുകയും ചെയ്തത്. ഈ മാനസിക സമ്മർദങ്ങൾക്കിടയിലാണ് നയന പത്താം തരം പരീക്ഷയെഴുതുന്നത്. പക്ഷേ, പരീക്ഷയുടെ ഫലം വന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ കൂട്ടത്തിൽ നയനയുമുണ്ട്.
പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ നയനയുടെ നേട്ടം അധ്യാപകരും പി.ടി.എയും വീട്ടിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ചു. സ്കൂളിലെ 55 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയെങ്കിലും നയനയുടെ വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനാധ്യാപകൻ മുജീബ് റഹ്മാൻ പറഞ്ഞു. അച്ഛന്റെ ആഗ്രഹമായിരുന്നു ഫുൾ എ പ്ലസ് നേടുകയെന്നുള്ളത്. അത് സാധിച്ചതിൽ അച്ഛനാവും ഇപ്പോൾ ഏറെ സന്തോഷിക്കുന്നതെന്ന് നയന വിശ്വസിക്കുന്നു.
പ്രധാനാധ്യാപകനൊപ്പം പി.ടി.എ പ്രസിഡന്റ് കെ.എം. സുബൈർ, ഉപ പ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, അധ്യാപകരായ എം.കെ. സിന്ധു, വി.പി. സുബൈർ, സി.പി. ആസ്യ, ഫിറോസ് ബാബു, അസൈനാർ, ഡി.ടി. മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് നയനയുടെ വീട് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.