സംസ്ഥാന കർഷക അവാർഡ്: ചെറുപുത്തൂർ 'നാട്ടൊരുമ' റസിഡൻഷ്യൽ അസോസിയേഷന് രണ്ടാം സ്ഥാനം
text_fieldsമഞ്ചേരി: സംസ്ഥാനതല കർഷക അവാർഡിൽ പുൽപറ്റക്ക് നേട്ടം. മികച്ച കാർഷികപ്രവർത്തനം നടത്തുന്ന റെസിഡൻഷ്യൽ അസോസിയേഷനുള്ള അവാർഡിൽ രണ്ടാം സ്ഥാനം പുൽപറ്റയിലെ ചെറുപുത്തൂർ 'നാട്ടൊരുമ' റസിഡൻഷ്യൽ അസോസിയേഷന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഇതാദ്യമായാണ് കൂട്ടായ്മക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുന്നത്. ഒന്നാംസ്ഥാനം ഇടുക്കി തൊടുപുഴയിലെ ന്യൂമാൻ റസിഡൻറ് അസോസിയേഷനും മൂന്നാം സ്ഥാനം തൃശൂർ വിൽവട്ടം അടിയാറ റസിഡൻസ് അസോസിയേഷനും ലഭിച്ചു.
'സ്വയംപര്യാപ്ത തരിശുരഹിത ഗ്രാമം' എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇവരുടെ പ്രവർത്തനം. യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും കാർഷികരംഗത്തേക്ക് കൊണ്ടുവരുക എന്നതാണ് കൂട്ടായ്മയുടെ സ്വപ്നം. 25 വർഷത്തോളമായി തരിശായി കിടന്നിരുന്ന െചറുപുത്തൂരിലെ നെൽവയലുകൾ നാട്ടൊരുമ കാർഷിക വിങ് നേതൃത്വത്തിൽ നെൽകൃഷി ഉൽപാദിപ്പിക്കുന്നു. ആട്, കോഴി, പശു, മത്സ്യകൃഷി തുടങ്ങി വിവിധ ഫാമുകളും പ്രവൃത്തി വരുന്നുണ്ട്. പുൽപറ്റ കൃഷിഭവൻ ജീവനക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.
സി. അയ്യപ്പൻകുട്ടി (പ്രസി), ടി.പി. ഖമറുദ്ദീൻ (സെക്ര), ഹുസൈൻ വാളപ്ര (ട്രഷ), വി. മുഹമ്മദലി (വൈസ് പ്രസി), പി.പി. അബ്ദുറഹിമാൻ (ജോ. സെക്ര), കാർഷിക വിങ് കോഒാഡിനേറ്റർ കെ. അബ്ദുറഹിമാൻ, അംഗങ്ങളായി കെ.സി. ശശി, കെ. അൻഷാദ്, ടി.പി. ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
സൈഫുല്ലക്കിത് സ്വപ്നനേട്ടം
മലപ്പുറം: സംസ്ഥാനത്തെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ വിവരം അറിഞ്ഞപ്പോഴും സൈഫുല്ല വാഴത്തോട്ടത്തിൽ തിരക്കിലായിരുന്നു. അനുമോദിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരുമെത്തിയതും ഈ കൃഷിത്തോട്ടത്തിലേക്കാണ്. കരിഞ്ചാപ്പാടി വറ്റല്ലൂർ പാറത്തൊടി സ്വദേശിയായ സൈഫുല്ലെയ 30ാം വയസ്സിൽ തേടിയെത്തിയത് ഒരു ലക്ഷവും സ്വർണമെഡലും ഫലകവുമടങ്ങുന്ന പുരസ്കാരമാണ്.
പെരിന്തൽമണ്ണ, പുഴക്കാട്ടിരി, കുറുവ, അട്ടപ്പാടി എന്നിവിടങ്ങളിൽ തോട്ടം പാട്ടത്തിനെടുത്താണ് കൃഷി. 50ഓളം തൊഴിലാളികൾക്കൊപ്പം രാവിലെ തുടങ്ങും പരിചരണം. വൈകീട്ടോടെയാണ് വീട്ടിലേക്ക് മടക്കം. 3000 വാഴകൾ, ഒരു ഏക്കർ കപ്പ, ഒൗഷധ സസ്യങ്ങൾ, 10 ഏക്കറിൽ പച്ചക്കറി കൃഷി എന്നിവയാണ് വിവിധ സ്ഥലങ്ങളിലുള്ളത്.
അട്ടപ്പാടിയിൽ മാത്രം ആറ് ഏക്കർ കപ്പകൃഷിയുണ്ട്. കൊടുവേലി, നീലാംബരി, ആടലോടകം തുടങ്ങിയ ഒൗഷധസസ്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കോട്ടക്കൽ ആര്യവൈദ്യശാല ഉൾപ്പെടെ ജില്ലയിലെ ഒൗഷധ നിർമാണകേന്ദ്രങ്ങളിലാണ് ഇവയെത്തിക്കുന്നത്. 15ാം വയസ്സിൽ പിതാവ് കുഞ്ഞാലനെ കൃഷിയിൽ സഹായിച്ച് തുടങ്ങിയതാണ്.
വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും സമീപത്തെ പ്രാദേശിക വിപണിയിലാണ് എത്തിക്കുന്നത്. കർഷകൻ മാത്രമല്ല ഈ യുവാവ്. എം.എസ്സി ഇൻഫർമാറ്റിക്സ്, എം.ഫിൽ എന്നിവ പൂർത്തിയാക്കിയ സൈഫുല്ല മുംബൈയിലെ ട്രാൻസ്േവൾഡ് കെമിക്കൽ കമ്പനിയുടെ കൺസൾട്ടൻറ് കൂടിയാണ്. കൃഷി ചെയ്യുന്ന രീതികൾ നാട്ടുകാരെ പഠിപ്പിക്കുകയും രാസവളങ്ങൾ പരിചയപ്പെടുത്തുകയുമാണ് ജോലി. മമ്പാട് എം.ഇ.എസ് കോളജിൽ പി.എച്ച്.ഡി ചെയ്യുന്ന ആഷിതയാണ് ഭാര്യ. മാതാവ്: മൈമൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.