മലപ്പുറത്തിന്റെ വിജയശാസ്ത്രം
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളക്ക് പിന്നാലെ ശാസ്ത്രമേളയിലും മലപ്പുറത്തിന്റെ സർവാധിപത്യം. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ തുടര്‍ച്ചയായ രണ്ടാം തവണയാണ് ജില്ല ചാമ്പ്യന്മാരാകുന്നത്. തിങ്കളാഴ്ച ആലപ്പുഴയില്‍ സമാപിച്ച മേളയിൽ 1450 പോയന്റുമായാണ് നേട്ടം. പിന്നിലുള്ള കണ്ണൂരിനേക്കാള്‍ 38 പോയന്റ് കൂടുതല്‍ നേടി ആധികാരികമായാണ് ജില്ലയുടെ വിജയം.
അഞ്ച് വിഭാഗങ്ങളിലായി നടന്ന മേളയില്‍ ഗണിതം, സാമൂഹികശാസ്ത്രം, പ്രവൃത്തി പരിചയം എന്നിവയില്‍ മലപ്പുറം ഒന്നാമതാണ്. ഐ.ടി മേളയില്‍ രണ്ടാമതെത്തി. എന്നാൽ ശാസ്ത്രത്തില്‍ ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 22 ഒന്നാം സ്ഥാനവും 24 രണ്ടാം സ്ഥാനവും 24 മൂന്നാം സ്ഥാനവുമാണ് ജില്ലയുടെ സമ്പാദ്യം.
239 എ ഗ്രേഡും 15 ബി യും നാല് സി ഗ്രേഡും പോയന്റ് നില ഉയര്‍ത്താന്‍ കരുത്തായി. സ്കൂൾ വിഭാഗത്തിൽ ജില്ലയിലെ എച്ച്.എം.വൈ.എച്ച്.എസ് സ്കൂൾ മഞ്ചേരി ഓവറോൾ വിഭാഗത്തിൽ പത്താമതെത്തി. 97 പോയന്റോടെയാണ് എച്ച്.എം.വൈ.എച്ച്.എസ്.എസിന്റെ നേട്ടം. മേളയില്‍ കുതിപ്പുണ്ടാക്കിയ മലപ്പുറം കൂടുതൽ തിളങ്ങിയത് പ്രവൃത്തിപരിചയമേളയിലാണ്. 793 പോയന്റ് നേടിയ ഈയിനത്തില്‍ 12 പേര് ഒന്നും 14 പേര് രണ്ടും 10 പേര് മൂന്നും സ്ഥാനം കരസ്ഥമാക്കി.
135 എ ഗ്രേഡും ജില്ലക്കായി നേടിത്തരാന്‍ പ്രവൃത്തിപരിചയമേളക്കായി. ഗണിതത്തില്‍ 278 പോയന്റാണ് മലപ്പുറം നേടിയത്. നാല് ഒന്നാം സ്ഥാനവും അഞ്ച് രണ്ടാം സ്ഥാനവും ഏഴ് മൂന്നാം സ്ഥാനവും ഇതിലുൾപ്പെടും. 47 പേര്‍ക്കാണ് എ ഗ്രേഡുള്ളത്. സാമൂഹികശാസ്ത്രത്തില്‍ 144 പോയന്റാണ് ജില്ലക്കായി കൂട്ടിച്ചേര്‍ക്കാനായത്. ഇതില്‍ അഞ്ച് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ജില്ല നേടി.
തുടർച്ചയായി രണ്ടാം തവണയാണ് നമ്മുടെ ജില്ലയിലേക്ക് ശാസ്ത്ര കിരീടം എത്തുന്നത്. വ്യവസ്ഥാപിതമായ മുന്നൊരുക്കത്തിലൂടെയാണ് ഈ വിജയം നേടിയത്. ജില്ലതല മത്സരം നമ്മൾ സംസ്ഥാന നിലവാരത്തിലായിരുന്നു നടത്തിയത്. വിധികർത്താക്കളും സംസ്ഥാന നിലവാരത്തിൽ ഉള്ളവരായിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ ഉപദേശ നിർദേശങ്ങൾ മത്സരാർഥികൾക്ക് മുതൽക്കൂട്ടായി. മേളക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ഒരു കൂട്ടം അധ്യാപകരും മികച്ച സ്കൂളുകളും ജില്ലയിലുണ്ട്. വരും കാലങ്ങളിലും കിരീടം കൈവിടാതെ സൂക്ഷിക്കാൻ ജില്ലക്ക് കഴിയും.കായികോത്സവത്തിലെയും ശാസ്ത്രമേളയിലെയും ഈ മികവ് കലോത്സവത്തിലും തുടരാനാകുമെന്നാണ് നമ്മുടെ പ്രതീക്ഷ.- കെ.പി. രമേഷ് കുമാർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ, മലപ്പുറം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.