പാലക്കാടൻ ആധിപത്യം
text_fieldsമലപ്പുറം: ആധിപത്യം നിറഞ്ഞ കളിയായിരുന്നു സംസ്ഥാന സീനിയർ ഫുട്ബാൾ അഞ്ചാമത്തെ പ്രീക്വാർട്ടർ മത്സരത്തിൽ പാലക്കാട് പത്തനംതിട്ടക്കെതിരെ കാഴ്ചവെച്ചത്. തുടങ്ങി നിമിഷങ്ങൾക്കകംതന്നെ പത്തനംതിട്ട മികച്ച മുന്നേറ്റവുമായി പാലക്കാടിന്റെ പോസ്റ്റിനു നേരെ കുതിച്ചെങ്കിലും പക്ഷേ, തുടർന്ന് കൊണ്ടുപോകാൻ ടീമിന് കഴിഞ്ഞില്ല. കളിയുടെ മൂന്നാം മിനിറ്റ് മുതൽ പാലക്കാട് പതിയെ കളി വരുതിയിലാക്കുകയായിരുന്നു. മികച്ച പാസുകളുമായി പാലക്കാട് പത്തനംതിട്ടയുടെ ഗോൾ മുഖത്ത് ആക്രമണം തുടങ്ങി. അഞ്ചാം മിനിറ്റിൽ തന്നെ ടീമിന് ഫലം ലഭിക്കുകയും ചെയ്തു.
പ്രതിരോധ നിരയെ മറികടന്ന് മധ്യനിര താരം കെ. നിർമൽ ആദ്യ ഗോളോടെ പാലക്കാട് സ്കോർ ബോർഡ് ചലിപ്പിച്ചു. പിന്നീട് കളിയിൽ കൂടുതൽ ഊർജസ്വലമായിട്ടാണ് പാലക്കാടിന്റെ മുന്നേറ്റമുണ്ടായത്. 13ാം മിനിറ്റിൽ മുന്നേറ്റ താരം ടി.പി. ഷിജാസ്, 21ാം മിനിറ്റിൽ മധ്യനിര താരം ജി. അഭിജിത്ത് എന്നിവരുടെ ഗോളുകൾ കൂടി വന്നതോടെ പത്തനംതിട്ട ഏറെ സമ്മർദത്തിലായി.
ആദ്യ പകുതിയുടെ അവസാനം വരെ പാലക്കാട് പന്ത് വരുതിയിൽ നിർത്തി മുന്നോട്ടുപോയി. രണ്ടാം പകുതിയിലും പാലക്കാട് പന്തിന്റെ നിയന്ത്രണം തുടർന്നു. എന്നാൽ, 58ാം മിനിറ്റിൽ പത്തനംതിട്ടക്ക് മികച്ച അവസരം ലഭിച്ചു. മധ്യനിരയിൽനിന്ന് ലഭിച്ച പന്തുമായി പത്തനംതിട്ടയുടെ മുന്നേറ്റ താരം ക്രിസ്റ്റ്യൻ വിൽസൺ ബോക്സിലേക്ക് കുതിച്ചെങ്കിലും പാലക്കാടിന്റെ ഗോളി സുഹൈൽ മജീദ് മികച്ച സേവിലൂടെ ശ്രമം പരാജയപ്പെടുത്തി. കളിയുടെ അവസാന നിമിഷം പത്തനംതിട്ട ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അനുകൂലമാക്കാൻ പത്തനംതിട്ടക്ക് കഴിഞ്ഞില്ല.
ത്രില്ലടിപ്പിച്ച് വയനാടും കോട്ടയവും
മലപ്പുറം: ആദ്യ പകുതി കോട്ടയത്തിന്റെ മേധാവിത്വവും രണ്ടാം പകുതി ത്രില്ലർ പോരാട്ടവും നിറഞ്ഞതായിരുന്നു വയനാടുമായി നടന്ന ആറാമത്തെ പ്രീക്വാർട്ടർ മത്സരം. തുടക്കത്തിൽതന്നെ താളം കണ്ടെത്തിയ കോട്ടയം കളം നിറയുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിലേത്. കോട്ടയത്തിന്റെ മധ്യനിര താരങ്ങളായ ബിബിൻ ബോബൻ, പി. റോഷൻ മുഹമ്മദ്, വിശാഖ് മോഹനൻ, പി. വൈശാഖ് എന്നിവരുടെ നിരന്തരമായ ഷോട്ടുകൾ വയനാടിന്റെ ഗോൾമുഖത്ത് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരുന്നു. 15ാം മിനിറ്റിൽ മുന്നേറ്റ താരം പി. വൈഷ്ണവിലൂടെ കോട്ടയം കരുത്ത് കാട്ടി. ഇതോടെ ടീം ലീഡും നേടി. തുടർന്ന് നിരന്തരം ടീം വയനാടിന്റെ ഗോൾ മുഖത്ത് ആക്രമണവുമായി നിറഞ്ഞു. എന്നാൽ, ആദ്യ പകുതിയിൽ ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ വയനാട് കളിയിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. 62ാം മിനിറ്റിൽ മധ്യനിര താരം നജീബ് വയനാടിനായി സമനില നേടിയതോടെ കളിയിലേക്ക് തിരിച്ചുവന്നു.
മുന്നേറ്റ താരം എം. മുഹമ്മദ് സഫ്നാഥ് നൽകിയ മികച്ച പാസ് നജീബ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് വയനാട് കളി ഏറ്റെടുത്തു. നിരന്തരം വയനാട് കോട്ടയത്തിന്റെ ഗോൾ മുഖത്ത് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലപ്രദമായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. കോട്ടയത്തിനായി പ്രതിരോധ താരങ്ങളായ ജി.എസ്. ഗോകുൽ, മുഹമ്മദ് സലീം, മധ്യനിര താരം അഖിൽ സി. ചന്ദ്രൻ, ബിബിൻ ബോബൻ എന്നിവർ വലകുലുക്കി. വയനാടിനായി പ്രതിരോധ താരം ഗോകുൽ കൃഷ്ണ, മധ്യനിര താരം സി.കെ. മിഥുലാജ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ പ്രതിരോധ താരം യാസിം മാലിക്, മധ്യനിര താരം ശ്രീജിത്ത് എന്നിവരുടെ ഷോട്ടുകൾ കോട്ടയത്തിന്റെ ഗോളി പി. മുഹമ്മദ് ഫായിസ് തടഞ്ഞു. മത്സരത്തിൽ ഗോളി മുഹമ്മദ് ഫായിസിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
മലപ്പുറം ഇന്ന് കളത്തിൽ
മലപ്പുറം: ആതിഥേയരായ മലപ്പുറം കോട്ടയത്തിനെതിരെ ബുധനാഴ്ച കളത്തിലിറങ്ങും. വൈകീട്ട് നാലിനാണ് മലപ്പുറം ആദ്യ മത്സരത്തിനിറങ്ങുക. കോച്ച് ഷാജറുദ്ദീൻ കോപ്പിലാന്റെ നേതൃത്വത്തിലുള്ള മലപ്പുറം ജില്ല ടീമിനെ കേരള പൊലീസ് താരം കെ. മുഹമ്മദ് അസ്ഹർ നയിക്കും.
ആത്മവിശ്വാസത്തോടെയാണ് ടീം മാനേജ്മെന്റും കളിക്കാരും മത്സരത്തിന് ഒരുങ്ങുന്നത്. സ്വന്തം കാണികളുടെ മുന്നിൽ മികച്ച ഫോമിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.