ചീഞ്ഞ് നാറുന്നു, മാലിന്യ സംസ്കരണത്തിന് മാർഗമില്ല; പൊന്നാനി നഗരസഭ കാര്യാലയ പരിസരം
text_fieldsപൊന്നാനി: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ ഇല്ലാത്തതിനാൽ ചീഞ്ഞുനാറി പൊന്നാനി നഗരസഭ ഓഫിസ് പരിസരം. വീടുകളിൽനിന്ന് ഹരിത കർമാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം ചാക്കുകളിലാക്കി നഗരസഭ കാര്യാലയത്തിന് സമീപത്തായാണ് കൂട്ടിയിടുന്നത്. ആഴ്ചകളായി മാലിന്യം സംസ്കരിക്കാത്തതിനാൽ ഇവ ചീഞ്ഞുനാറുന്ന സ്ഥിതിയാണ്. ജൈവ, അജൈവ മാലിന്യങ്ങൾ വികേന്ദ്രീകൃത രീതിയിൽ നഗരസഭ സംസ്കരിക്കാൻ പ്ലാന്റുകളുണ്ടെങ്കിലും ഇവ പ്രവർത്തന രഹിതമായതോടെയാണ് മാലിന്യങ്ങൾ കൂട്ടിയിടേണ്ട ഗതികേടിലായത്.
ജൈവ മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിങ് യൂനിറ്റും പ്ലാസ്റ്റിക് സംസ്കരണത്തിന് റിസോഴ്സസ് റിക്കവറി കേന്ദ്രവും നഗരസഭ ഓഫിസിനോട് ചേർന്ന് സ്ഥാപിച്ചിരുന്നു.
നഗരസഭ പ്രദേശത്ത് കേന്ദ്രീകൃത സംസ്കരണ ശാലകളേക്കാൾ വികേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് മുൻതൂക്കം എന്ന ലക്ഷ്യത്തോടെയാണ് സെന്ററുകൾക്ക് തുടക്കംകുറിച്ചത്. തുടക്കത്തിൽ ഇവ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഇവ നിശ്ചലമാണ്. നേരത്തേ തുമ്പൂർമുഴി മോഡൽ സംസ്കരണ കേന്ദ്രത്തിൽ ആട്ടിൻ കുട്ടികളെ കെട്ടിയിട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവയുടെ നവീകരണത്തിന് കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗം തുക വകയിരുത്തുന്നതിന് അംഗീകാരവും നൽകി. എന്നാൽ, പ്രവൃത്തികളെല്ലാം ഇഴഞ്ഞു നീങ്ങിയതോടെയാണ് മാലിന്യങ്ങൾ നഗരസഭ കാര്യാലയത്തിന് വശങ്ങളിൽ കുമിഞ്ഞുകൂടിയത്. ഇപ്പോൾ നഗരസഭയിലേക്ക് മൂക്കുപൊത്തി കയറേണ്ട ഗതികേടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.