സൗത്ത് പല്ലാറിലെ ശിലായുഗ ശേഷിപ്പുകൾക്ക് സംരക്ഷണം വേണം
text_fieldsതിരുനാവായ: സൗത്ത് പല്ലാറിൽ കാണപ്പെട്ട മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകളെന്ന് കരുതപ്പെടുന്ന തൊപ്പിക്കല്ലടക്കമുള്ളവ സംരക്ഷിക്കണമെന്ന് ആവശ്യം. ഏകദേശം 2500ലധികം വർഷം പഴക്കമുള്ളതാണ് മഹാശില കാലഘട്ടം. ഇന്ന് തിരുനാവായയിലും സമീപ പ്രദേശങ്ങളിലുമായി കാണപ്പെടുന്ന വലിയ ചെങ്കല്ലിൽ പണിത തൊപ്പിക്കല്ല് (കുടക്കല്ല്), ചെങ്കൽ വളയം, കുത്തുകല്ല് (മെൻഹർ) മുനിയറ (ചെറിയ ഗുഹ), നന്നങ്ങാടികൾ, കാൽ കുഴികൾ (പോസ്റ്റ് ഹോൾസ്) തുടങ്ങിയവ അത്ഭുതപ്പെടുത്തുന്ന നിർമിതികളാണ്. ഇത്തരത്തിലുള്ള ചെങ്കൽ സ്മാരകങ്ങൾ കേരളത്തിെൻറ മാത്രം പ്രത്യേകതയാണ്. മഹാശില സ്മാരകങ്ങളിൽ പ്രധാനപ്പെട്ടവയല്ലാം ഒരു നാട്ടിൽ തന്നെ അടുത്തടുത്തായി കാണുന്നത് അപൂർവമാണന്ന് മലബാർ പുരാവസ്തു വകുപ്പ് ചുമതലയുള്ള കെ. കൃഷ്ണരാജ് അഭിപ്രായപ്പെട്ടു.
സൗത്ത് പല്ലാർ, കൈത്തക്കര, എടക്കുളം, കൊടക്കൽ തുടങ്ങിയ സമീപ സ്ഥലങ്ങളിലായി ഇത്തരം ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. ഇതിൽ പലതും സ്വകാര്യ വക്തികളുടെ വളപ്പിൽ തകർപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നു. കുത്തുകല്ല്, കൊടക്കൽ, പാറക്കൽ, അത്താണി തുടങ്ങിയ സ്ഥലനാമങ്ങൾ ഇവയിൽനിന്ന് രൂപപ്പെട്ടതാകാമെന്നാണ് കരുതുന്നത്. സർക്കാർ, പുറമ്പോക്ക് ഭൂമിയിലുള്ളതെല്ലാം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്. 2018ൽ ജപ്പാനിലെ കാൻസായി യൂനിവേഴ്സിറ്റിയും കേരള യൂനിവേഴ്സിറ്റിയും അവരുടെ ഗവേഷണ ഭാഗമായി ഇവയെ കുറിച്ച് പഠനം നടത്താൻ തിരുനാവായയിൽ വന്നിരുന്നു. ആർക്കിയോളജിക്കൽ സർവേയും സംസ്ഥാന ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെൻറുമാണ് ഇത്തരം ശേഷിപ്പുകൾ സംരക്ഷിക്കുന്നത്. ചരിത്ര പഠനത്തിൽ ഇവക്കെല്ലാമുള്ള പ്രധാന്യത്തെകുറിച്ച് നാട്ടുകാരെയും യുവതലമുറയെയും ബോധ്യപ്പെടുത്തുകയും അവരിലൂടെ ഇതിെൻറ സംരക്ഷണവും വീണ്ടെടുക്കലും സാധ്യമാക്കണമെന്നും ചരിത്രാന്വേഷിയും അധ്യാപകനുമായ കരിമ്പനക്കൽ സൽമാൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.