മലപ്പുറം നഗരത്തിലെ തെരുവുനായ് ശല്യം; ഉപസമിതി അവലോകന യോഗം അടുത്താഴ്ച
text_fieldsമലപ്പുറം: നഗരത്തിലെ തെരുവുനായ് ശല്യം അവലോകനം ചെയ്യാനും അനിമൽ ഷെൽട്ടർ ഹോം സ്ഥാപിക്കുന്നതിന്റെ സാധ്യത പഠിക്കാമായി നഗരസഭ കൗൺസിൽ നിയോഗിച്ച ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും.
നഗരസഭ വാർഡ് തലങ്ങളിൽനിന്ന് തെരുവുനായ് ശല്യം സംബന്ധിച്ച് നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാൻ ഡിസംബർ 22ന് ചേർന്ന കൗൺസിൽ തീരുമാനിച്ചത്.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങലാണ് ഉപസമിതിയുടെ അധ്യക്ഷൻ. പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ എ.പി. ശിഹാബ്, സി.കെ. സഹീർ, ജയശ്രീ രാജീവ് എന്നിവരാണ് അംഗങ്ങൾ. ജനുവരി 20നകം യോഗം ചേർന്ന് ഉചിത നടപടി സ്വീകരിക്കാനാണ് തീരുമാനം. തെരുവുനായ്ക്കളെ പാർപ്പിക്കാൻ അനിമൽ ഷെൽട്ടർ ഹോം സ്ഥാപിക്കാനാകുമോ എന്ന കാര്യമാകും പ്രധാനമായും പരിഗണിക്കുക. ഇതിനായി ജനങ്ങളുടെ സഹായത്തോടെ സ്ഥലം കണ്ടെത്താനുള്ള സാധ്യതയും പരിശോധിക്കും.
കൂടാതെ ജില്ല പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി യാഥാർഥ്യമാക്കാനുള്ള സാധ്യതകളും വിശകലനം ചെയ്യും. നിലവിൽ നഗരസഭ പരിധിയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.കുന്നുമ്മല്‍, സിവില്‍ സ്റ്റേഷന് പരിസരം, കോട്ടപ്പടി, മൂന്നാംപടി, മുണ്ടുപറമ്പ്, കാവുങ്ങല്‍, മച്ചിങ്ങല്‍, കിഴക്കേത്തല, മൈലപ്പുറം, കോണാംപാറ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. രാത്രികാലങ്ങളില്‍ നഗരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്.ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തെരുവുനായ് വന്ധ്യകരണ പദ്ധതി(എ.ബി.സി) പുനരാരംഭിക്കാത്തതും പ്രശ്നത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.