എടപ്പാളിൽ മേൽപാലത്തിന് താഴെ സ്ട്രീറ്റ് ലൈബ്രറി ഒരുങ്ങുന്നു
text_fieldsഎടപ്പാൾ: ടൗണിൽ അടിമുടി പരിഷ്കരണം നടപ്പാക്കുന്നു. ഇനിമുതൽ തൃശൂർ റോഡിൽ മേൽപാലത്തിന് താഴെ വാഹനം നിർത്തിയിടുന്നതിന് വിലക്ക് ഏർപ്പെടുത്തും. ഇതിനു പകരം സ്ട്രീറ്റ് ലൈബ്രറി ആരംഭിച്ച് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള സൗകര്യമാണ് സജ്ജമാക്കുന്നത്. ഇതിന്റെ ഭാഗമായി അലമാരയും പുസ്തകങ്ങളും ഒരുക്കും. കേൾവിശക്തിയില്ലാത്തവരുടെ കൂട്ടായ്മക്ക് ഒരുമിച്ചിരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഉണ്ടാക്കും.
മേൽപാലത്തിന് താഴെ അനാവശ്യ വാഹന പാർക്കിങ്ങിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. സ്ട്രീറ്റ് ലൈബ്രറി തുടങ്ങുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കെ.ടി. ജലീൽ എം.എൽ.എ സ്ഥലം സന്ദർശിച്ചു. ഇതിനുപുറമെ കുറ്റിപ്പുറം റോഡിൽ പാർക്കിങ്ങിന് പണം ഈടാക്കാൻ തീരുമാനിച്ചിരുന്നു. പാലത്തിനടിയിലെ പാർക്കിങ് സ്ഥലത്ത് ദീർഘദൂര യാത്രക്കാർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാകുന്നതായുള്ള വ്യാപാരികളുടെ പരാതിയെത്തുടർന്നാണ് പേ പാർക്കിങ് നടപ്പാക്കാക്കുന്നത്. ഇതിന് അനുമതിക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് എടപ്പാൾ, വട്ടംകുളം ഗ്രാമപഞ്ചായത്തുകൾ അപേക്ഷ നൽകും. അനുവാദം ലഭിച്ചാൽ ഇത് നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.