തെരുവുവിളക്ക് അഴിമതി; ഫയലുകള്‍ ശേഖരിക്കാൻ വിജിലന്‍സ് മലപ്പുറം നഗരസഭ ഓഫിസില്‍
text_fieldsസ്ഥിരം സമിതി അധ്യക്ഷനോട് വിജിലന്‍സ് ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു
മലപ്പുറം: 2017ല്‍ നടന്ന തെരുവുവിളക്ക് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് മലപ്പുറം നഗരസഭ ഓഫിസില്‍ ഫയലുകള്‍ ശേഖരിക്കാനെത്തി. ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് വിജിലന്‍സ് എത്തിയത്. ബന്ധപ്പെട്ട ഫയലുകളും മിനിറ്റ്സും പരിശോധിച്ച ഉദ്യോഗസ്ഥര്‍ അവയുടെ പകര്‍പ്പ് എടുത്തു. തുടര്‍ന്ന് ഇപ്പോഴത്തെ സ്ഥിരംസമിതി അധ്യക്ഷനോട് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിവിധ വാര്‍ഡുകളില്‍ തെരുവുവിളക്ക് സ്ഥാപിക്കാനും അറ്റകുറ്റപ്പണിക്കുമായി 20 ലക്ഷം നീക്കിവെച്ചത്. ഉഷ ഇലക്ട്രോണിക്സിന്റെ 3130 ബോര്‍ഡുകള്‍ വാങ്ങാന്‍ വി.വി. മുഹമ്മദ് ഫൈസലിനാണ് നഗരസഭ 16,07,870 രൂപക്ക് കരാര്‍ നല്‍കിയത്. എന്നാല്‍, 378 രൂപ വിലയുള്ള 150 ബോര്‍ഡുകള്‍ മാത്രമാണ് എത്തിച്ചത്. ശേഷം ഗുണമേന്മ കുറഞ്ഞ 2980 എണ്ണം വരുത്തി. കരാറില്‍ വന്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബില്ലിലും ബോര്‍ഡുകള്‍ വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പുണ്ടായി. ഗുണമേന്മ കുറഞ്ഞ ബോര്‍ഡുകള്‍ക്കും 378 രൂപയാണ് ബില്ലില്‍ കാണിച്ചത്. ഇത് ചെമ്മങ്കടവിലെ സ്ഥാപനത്തില്‍നിന്ന് വാങ്ങിയതായാണ് രേഖയുണ്ടാക്കിയത്. ഇന്വോയ്സില്ലാത്ത ബില്ലില്‍നിന്ന് 90,000 രൂപയോളം നികുതി ഇനത്തില്‍ നഗരസഭ ഈടാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയ വിജിലന്‍സ് ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും അനുബന്ധനസാമഗ്രികളും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.