കർമ റോഡിൽ ഇനി കർശന നിയന്ത്രണം
text_fieldsപൊന്നാനി: കർമ റോഡിൽ അടിയന്തര നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പി. നന്ദകുമാർ എം.എൽ.എ വിളിച്ച യോഗത്തിൽ ധാരണയായി. കർമപാതയിൽ അപകടങ്ങൾ പതിവായതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
കർമപാലം തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന അമിതതിരക്ക് കൂടി മുന്നിൽ കണ്ടാണ് നിയന്ത്രണം. അടുത്തിടെ നിരവധി പേരാണ് ഇവിടെ അപകടങ്ങളിൽ മരിച്ചത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എൽ.എ നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചത്. യാത്രാവാഹനങ്ങളല്ലാത്ത മുഴുവൻ ചരക്ക് വാഹനങ്ങൾക്കും കർമ റോഡിൽ പ്രവേശനം നിരോധിക്കും. അറിയിപ്പ് ബോർഡുകളും ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും, ഡിവൈഡറുകളും സ്ഥാപിക്കും.
വാഹനങ്ങൾക്ക് കർമ പാതയിൽ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് അവ പ്രദർശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും.
പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളിൽ കൂടുതൽ പൊലീസുകാരെ ആവശ്യപ്പെടാനും ധാരണയായി. ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് നിർദേശം നൽകി. ടൂറിസം റോഡിൽ ആവശ്യമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്താനും നിർദേശിച്ചു.
നിയന്ത്രണങ്ങൾക്ക് മുന്നോടിയായി പൊലീസ്, മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന അടുത്ത ദിവസം തന്നെ നടത്തും. കർമ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ, റവന്യു വകുപ്പുകളോട് സംയുക്ത പരിശോധന നടത്താൻ നിർദേശിച്ചു.
പൊന്നാനി നഗരസഭ ഓഫിസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ, പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫിസർ വിനോദ് വലിയാറ്റൂർ, പൊന്നാനി പൊലീസ് പ്രതിനിധി അയ്യപ്പൻ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ജോമോൻ തോമസ്, താലൂക്ക് ഓഫിസ് പ്രതിനിധി കെ.കെ ഗോപാലകൃഷ്ണൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർ എസ്. മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.