ടി.എം. സിദ്ദീഖിനെതിരായ നടപടി: ലോക്കൽ സമ്മേളനങ്ങളിൽ ചർച്ചയാക്കരുതെന്ന നിർദേശവുമായി നേതൃത്വം
text_fieldsപൊന്നാനി: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിസന്ധി മറികടക്കാൻ നേതൃത്വത്തിെൻറ നീക്കം.
സിദ്ദീഖിനെതിരെയുള്ള നടപടി ലോക്കൽ സമ്മേളനങ്ങളിൽ ചർച്ചയാക്കരുതെന്ന് ആവശ്യപ്പെട്ട് അഡീഷനൽ ലോക്കൽ കമ്മിറ്റി നിർദ്ദേശം നൽകി. പൊന്നാനി ഏരിയയിൽനിന്നുള്ള ജില്ല കമ്മിറ്റി അംഗമാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചർച്ച ചെയ്ത് സമ്മേളനത്തിലെ ചർച്ചകളുടെ ഗൗരവം കെടുത്തരുതെന്നാണ് നൽകിയ നിർദേശം. ഇതുവരെ കഴിഞ്ഞ മൂന്ന് ലോക്കൽ കമ്മിറ്റി യോഗങ്ങളിലും സമ്മേളന പ്രതിനിധികൾ സിദ്ദീഖിനെതിരെയുള്ള നടപടിയിൽ വിശദീകരണം തേടി. സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനമാണെന്ന മറുപടി മാത്രമാണ് നേതാക്കൾ നൽകിയത്.
ടി.എം. സിദ്ദീഖിനെതിരെ നടപടി ഔദ്യോഗികമായി തീരുമാനിച്ച സാഹചര്യത്തിൽ പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടാണ് ഈ നീക്കം. ഒക്ടോബർ രണ്ടിനുചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗത്തിലാണ് സിദ്ദീഖ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്. തുടർന്ന് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിൽ സി.പി.എം നേതാക്കളും ഒരുവിഭാഗം അണികളും രംഗത്തുവന്നിരുന്നു.
ബ്രാഞ്ച് സമ്മേളനത്തിലേക്ക് പ്രതിഷേധപ്രകടനം, ഇറങ്ങിപ്പോക്ക്, പ്രതിനിധികൾ ബഹിഷ്കരിച്ചതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെക്കേണ്ടിവന്ന അവസ്ഥവരെയുണ്ടായി. അണികളുടെ വികാരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാമെന്ന ഉറപ്പും ജില്ല നേതൃത്വം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രേട്ടറിയറ്റിലും ശനിയാഴ്ച നടന്ന ജില്ല സെക്രേട്ടറിയറ്റിലും വിഷയം ചർച്ച ചെയ്തെങ്കിലും ഒരുരീതിയിലുള്ള വിട്ടുവീഴ്ചയും വേണ്ടന്ന ഉറച്ചനിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.
സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ല സെക്രേട്ടറിയറ്റ് യോഗവും തുടർന്ന് ജില്ല കമ്മിറ്റി യോഗവും ചേർന്നത്. സിദ്ദീഖിനെതിരെയുള്ള നടപടിയിൽ ഇളവുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു പൊന്നാനിയിലെ ഭൂരിഭാഗം പാർട്ടി അണികളും. ഇളവുനൽകേണ്ടെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചത് വരുംദിവസങ്ങളിൽ നടക്കുന്ന ലോക്കൽ സമ്മേളനങ്ങൾ, ഏരിയ സമ്മേളനം എന്നിവയെ ബാധിക്കും. സിദ്ദീഖിന് പുറമെ പൊന്നാനി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുന്ന ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗം എണ്ണാഴിയിൽ മണി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.വി. നവാസ്, മഷ്ഹൂദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗവും തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ടി. താഹിർ, പൊന്നാനി നോർത്ത് ബ്രാഞ്ച് അംഗം കെ.പി. അഷ്റഫ്, സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി നാസർ എന്നിവരെ പരസ്യമായി ശാസിക്കാനും തീരുമാനമുണ്ട്. ടി.എം. സിദ്ദീഖിന് ഏറെ സ്വാധീനമുള്ള വെളിയങ്കോട് മേഖലയിലെ ലോക്കൽ സമ്മേളനങ്ങളിൽ നടപടി വലിയ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.