മുളകുപൊടി പ്രയോഗം: ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതായി വിദ്യാർഥി
text_fieldsമലപ്പുറം: ബസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും നേരെ യുവാവ് മുളകുപൊടി പ്രയോഗം നടത്തിയെന്ന സംഭവത്തിൽ വഴിത്തിരിവ്.
വിദ്യാർഥികളോട് മോശമായി പെരുമാറിയ കണ്ടക്ടറോട് പ്രതികരിച്ചതിന്‍റെ ദേഷ‍്യം തീർക്കാനാണ് തന്നെ ബസിൽവെച്ചും പിന്നീട് പുറത്തിറക്കിയും ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതെന്ന് അലനല്ലൂർ സ്വദേശിയും വിദ്യാർഥിയുമായ ഹാരിസുബ്നു മുബാറക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വയരക്ഷക്ക് കരുതിയ മുളക് സ്പ്രേ അടിച്ചതിനെ വളച്ചൊടിച്ചാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. ക്രൂരമർദനം നേരിട്ടപ്പോൾ ബസിന് പുറത്തുവെച്ച് മുളക് സ്പ്രേ പ്രയോഗിച്ചപ്പോൾ അബദ്ധവശാൽ സമീപത്തുണ്ടായിരുന്ന വിദ്യാർഥികളുടെ ശരീരത്തിലേക്കും പടരുകയായിരുന്നു.
മുബാറക്കിന്‍റെ വാക്കുകൾ: ''ഞാൻ കരിങ്ങാടനുള്ള അറബിക് കോളജിലെ ബി.എ അഫ്ദലുൽ ഉലമ വിദ്യാർഥിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കോളജ് കഴിഞ്ഞ് വീട്ടിലേക്ക് പെരിന്തൽമണ്ണയിൽനിന്ന് അലനല്ലൂരിലേക്ക് 'മിഹ്റാജ്' എന്ന ബസിൽ വരുമ്പോൾ വിദ്യാർഥികൾക്കെതിരെ കണ്ടക്ടറുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് എന്നെ ലഹരിക്കടിമയാണെന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. പള്ളികളിൽ ജോലി ചെയ്യുന്നയാളുമായ താൻ ഇതുവരെ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല.
ബസ് ജീവനക്കാർ ആദ്യം അടിച്ചു പുറത്തെത്തിച്ചു. തുടർന്ന് ജാക്കി ലിവറെടുത്ത് വന്ന് ഡ്രൈവറും പൊതിരെ തല്ലി. മർദനം തുടർന്നപ്പോൾ നിവൃത്തിയില്ലാതെ സ്വയരക്ഷക്ക് കൈയിലുണ്ടായിരുന്ന മുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എന്നാൽ, അത് വിദ്യാർഥികളുടെ മേൽ പതിക്കുമെന്ന് കരുതിയില്ല. അതിനു ശേഷം മൂന്ന് ബസ് ജീവനക്കാരും കൂടെയുണ്ടായിരുന്നവരും കൈ പിന്നിലേക്ക് കൂട്ടിക്കെട്ടി മർദിച്ചു. നിലത്തു കിടത്തി ചവിട്ടി. റോഡിലെ മതിലിനോട് ചേർത്തുപിടിച്ച് മുഖത്ത് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. മുഖത്തിനും കണ്ണിലും പരിക്കേറ്റു. സത്യാവസ്ഥ ബോധ്യപ്പെട്ട ചില നാട്ടുകാർ 'വിദ്യാർഥിയാണ് തല്ലല്ലേ' എന്നു പറഞ്ഞെങ്കിലും മർദനം തുടർന്നു. കൂടാതെ ബസ് ജീവനക്കാർ ആക്രമണ വിഡിയോകൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. മേലാറ്റൂർ പൊലീസെത്തിയാണ് രക്ഷിച്ചത്.''
സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെയും കണ്ടാലറിയാവുന്നവർക്കെതിരെയും മേലാറ്റൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും ഹാരിസ് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.