ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയത്തിൽ ജൂൺ ഒന്നിന് അധ്യയനം ആരംഭിക്കില്ല
text_fieldsമലപ്പുറം: സ്കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. ജില്ലയിലെ 1,699 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം പറഞ്ഞു. വിദ്യാലയങ്ങളുടെ ഫിറ്റ്നസ് പരിശോധന തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയത്തിൽ ജൂൺ ഒന്നിന് അധ്യയനം ആരംഭിക്കില്ല. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന നിർദേശം വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വൃത്തിയുള്ളതും ആരോഗ്യകരമായതുമായ ഭക്ഷണം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ. ഇക്കാര്യം സ്‌കൂള്‍ മേലധികാരി പരിശോധിച്ച് ഉറപ്പുവരുത്തണം.
വിദ്യാലയത്തോടു ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാൻ പ്രധാനാധ്യാപകര്‍ക്ക് നിർദേശം നല്‍കിയതായും അവര്‍ പറഞ്ഞു. വിരമിച്ച അധ്യാപകര്‍ക്കു പകരം പുതിയ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. വിദ്യാർഥികളുടെ പ്രവേശനം പുരോഗമിക്കുകയാണ്. ജില്ലയിലെ വിവിധ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി ബാച്ചിലേക്ക് പുതുതായി 200ലധികം വിദ്യാര്‍ഥികൾ പ്രവേശനം നേടി. സ്‌കൂള്‍ പ്രവേശനത്തിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ജില്ലയിലെത്തിയിട്ടുണ്ട്. മലപ്പുറം എം.എസ്.പി ഹാള്‍ കേന്ദ്രീകരിച്ചാണ് പാഠപുസ്തക വിതരണം. 50 ശതമാനത്തോളം പാഠപുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. കൈത്തറി യൂനിഫോമാണ് നല്‍കുന്നത്. ഇതിന്റെ വിതരണവും ജില്ലയില്‍ പകുതിയിലധികം പൂര്‍ത്തിയായതായും ഡി.ഡി.ഇ പറഞ്ഞു.
സ്കൂൾ ഫിറ്റ്നസ്: ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ പരിശോധന ഇന്നുമുതൽ
മഞ്ചേരി: അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബുധനാഴ്ച മുതൽ പരിശോധന നടത്തും. ബി.പി.സി, ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും. പരിശോധന ആറ് ദിവസം നീളും. ക്ലാസ് മുറികൾ, ശൗചാലയങ്ങൾ, പാചകപ്പുര അടക്കം മുഴുവൻ സൗകര്യങ്ങളും പരിശോധിക്കും. സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം 31നകം ഉപജില്ല ഓഫിസിൽ ഹാജരാക്കാൻ നിർദേശം നൽകി.
ഫിറ്റ്നസിനുള്ള അപേക്ഷഫോറം നേരത്തേ നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അസിസ്റ്റന്‍റ് എൻജിനീയർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സ്കൂളുകളിലേക്ക് വെള്ളം എടുക്കുന്ന കിണർ ക്ലോറിനേഷൻ നടത്തണം. കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. വെള്ളം സൂക്ഷിക്കുന്ന ടാങ്ക് കഴുകി വൃത്തിയാക്കണം. ഭക്ഷണം നൽകുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം.
പാചകക്കാരുടെ ഹെൽത്ത് കാർഡ് പുതുക്കണം തുടങ്ങിയ നിർദേശങ്ങളും അതത് സ്കൂളുകളിലേക്ക് നൽകിയിട്ടുണ്ട്. സ്കൂളിനും ക്ലാസ് മുറികൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റാൻ അനുമതി നൽകിയിട്ടുണ്ട്. ക്ലാസ്മുറികളിൽ തുളകളോ മറ്റോ ഇല്ലെന്ന് ഉറപ്പാക്കണം.
പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകി. ഇവ സ്കൂളിലെത്തുന്ന സംഘം പരിശോധിക്കും. പ്രവേശനോത്സവം ഭംഗിയാക്കുന്നതിന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. സുനിതയുടെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി (പി.ഇ.സി) യോഗം ചേർന്നു. ജനപ്രതിനിധികളും സ്കൂൾ പ്രധാനാധ്യാപകരും പങ്കെടുത്തു. പഞ്ചായത്തുതല പ്രവേശനോത്സവം നടത്തുന്നതിന് ഒരു സ്കൂൾ തെരഞ്ഞെടുക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.