കുളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് നാടിന്റെ അഭിമാനമായി റയാനും ദാനിഷും
text_fieldsചേലേമ്പ്ര: കുളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് നാടിന്റെ അഭിമാനമായി മുഹമ്മദ് റയാനും മുഹമ്മദ് ദാനിഷും. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ സ്പിന്നിങ് മിൽ തച്ചനമ്പലം ഭാഗത്ത് കണ്ണംകുളത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട കുട്ടിയെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
വഴുതി ചതുപ്പിൽ കാല് കുടുങ്ങുകയും തുടർന്ന് ആഴങ്ങളിലേക്ക് മുങ്ങുകയുമായിരുന്നു. ഈ സമയം തൊട്ടപ്പുറത്ത് കുളത്തിൽതന്നെ കുളിച്ചുകൊണ്ടിരുന്ന 13, 15 വയസ്സുകാരായ മുഹമ്മദ് റയാനും മുഹമ്മദ് ദാനിഷും ചേർന്ന് പായലുകൾക്കിടയിൽ കുടുങ്ങി മുങ്ങിത്താണുകൊണ്ടിരുന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. കരക്കെത്തിച്ച കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന പായൽ എടുത്തുമാറ്റി കുട്ടിയുടെ വീട്ടിൽ കൊണ്ടുപോയി അമ്മയുടെ കൈയിൽ ഏൽപിച്ചാണ് റയാനും ദാനിഷും മടങ്ങിയത്.
മുഹമ്മദ് ദാനിഷ് കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മുഹമ്മദ് റയാൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. കുട്ടികളെ വാർഡ് അംഗം ഉഷ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. അഷ്റഫ്, ഗോപി, ഷെഫീഖ് കാക്കഞ്ചേരി, ദാസൻ, അനീഫ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.