സുജിത്ത് ദാസിനെ സ്ഥലം മാറ്റി, ജില്ലക്ക് പുതിയ പൊലീസ് മേധാവി
text_fieldsമലപ്പുറം: ഐ.പി.എസ് ഉദ്യോഗസ്ഥർക്കായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി ജില്ല പൊലീസ് മേധാവിയായി ചാർജെടുത്ത് 40 ദിവസം പിന്നിടുമ്പോൾ എസ്. സുജിത്ത് ദാസിന് വീണ്ടും സ്ഥാന ചലനം. സ്പെഷൽ ഓപറേഷൻ ഗ്രൂപ് സൂപ്രണ്ടായിട്ടാണ് പുതിയ നിയമനം. സെപ്റ്റംബറിൽ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു സുജിത്ത് ദാസിനെ ഹൈദരാബാദിലേക്ക് പരിശീലനത്തിന് വിട്ടത്.
അദ്ദേഹം പരിശീലനത്തിന് പോയതോടെ സെപ്റ്റംബർ രണ്ടുമുതൽ പാലക്കാട് എസ്.പിയായ ആർ. ആനന്ദിനായിരുന്നു ജില്ലയുടെ അധിക ചുമതല. പദവിയിൽനിന്ന് മാറ്റിയതോടെ പുതിയ ജില്ല പൊലീസ് മേധാവിയായി കൊച്ചി ഡെപ്യൂട്ടി കമീഷണറായിരുന്ന ശശിധരൻ ചുമതലയേൽക്കും. താനൂർ കസ്റ്റഡി മരണത്തിൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ നാല് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.ആഗസ്റ്റ് ഒന്നിന് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയെ ക്രൂരമായി മർദിച്ചത് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. ഇത്തരം വിവാദങ്ങൾക്കിടെയായിരുന്നു എസ്.പി ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോയത്.
അതേസമയം, ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥർക്ക് നിർബന്ധമായി ചെയ്യേണ്ട പരിശീലനത്തിനാണ് ഹൈദരാബാദിലേക്ക് പോവുന്നതെന്നും ഇത് നേരത്തേ തീരുമാനിച്ചതാണെന്നും സുജിത്ത്ദാസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.പരിശീലനം പൂർത്തിയാക്കി ഒക്ടോബറിലാണ് വീണ്ടും എസ്.പിയായി ചുമതലയേറ്റത്തുടർന്ന് കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വർണം കടത്തിയ സംഭവം പുറത്ത് കൊണ്ടുവന്നത് സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.