മലയോരത്ത് നാശം വിതച്ച് വേനൽ മഴ
text_fieldsകരുവാരകുണ്ട്: ബുധനാഴ്ച ഉച്ചയോടെ പെയ്ത വേനൽമഴയിൽ മലയോരത്ത് വ്യാപക നാശം. കാറ്റിൽ പലയിടത്തും മരങ്ങൾ വീണു. റബർ മരങ്ങളും തെങ്ങുകളും ലൈനുകൾക്ക് മീതെ വീണ് ഉൾപ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വാക്കോട്, കുട്ടത്തി, ചെമ്പൻകുന്ന്, പുൽവെട്ട, ചിറക്കൽകുണ്ട്, കക്കറ ഭാഗങ്ങളിലാണ് നാശങ്ങളേറെയും.
മരക്കൊമ്പുകൾ വീണ് പലയിടത്തും വീടുകൾക്കും കേടുപാടുണ്ടായി. ചെമ്പൻകുന്നിലെ സജികുമാറിന്റെ വീടിനുമീതെ റബർ മരം വീണു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസം തുടങ്ങിയിട്ടില്ല. പുൽവെട്ടയിൽ വാർഡ് അംഗം ഇ. കുഞ്ഞാണിയുടെ നേതൃത്വത്തിൽ നാട്ടുകാരും വൈദ്യുതി ജീവനക്കാരും രക്ഷാപ്രവർത്തനം നടത്തി.
പയ്യാക്കോട്ട് റോഡിൽ വീണ കൂറ്റൻ തെങ്ങ് രാഹുൽ ഗാന്ധി റെസ്ക്യൂ ഫോഴ്സും നാട്ടുകാരും ചേർന്ന് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.മലയോര പാത നിർമാണം നടക്കുന്ന കിഴക്കെത്തല ടൗണിൽ ചില കടകളിൽ വെള്ളം കയറി. കനത്ത മഴയിൽ റോഡിൽ കെട്ടിനിന്ന വെള്ളം നടപ്പാത കവിഞ്ഞാണ് കടകൾക്ക് അകത്തെത്തിയത്. മരുതിങ്ങൽ ഭാഗത്ത് നിർമാണം പൂർത്തിയായ അഴുക്ക് ചാൽ വഴി അപ്രതീക്ഷിതമായി എത്തിയ മഴവെള്ളം തോടുകളെ നിറച്ചു. തോടുകൾ കവിഞ്ഞൊഴുകിയതോടെ ചില വീടുകളിലും വെള്ളം കയറി.
കാളികാവ്: മഞ്ഞപ്പെട്ടിയിലും കാളികാവ് തിരുത്തുമ്മലിലും വീടുകൾക്ക് നാശം. മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ കോമുള്ളൻചാലിൽ മൊയ്തീൻകുട്ടിയുടെ വീടിന് മുകളിൽ സമീപത്തെ പ്ലാവ് മുറിഞ്ഞ് പതിച്ചാണ് നാശം സംഭവിച്ചത്. വീടിനടുത്തെ വലിയ റബർമരം പൊട്ടിവീണാണ് പുറ്റംകുന്നിലെ തിരുത്തമ്മൽ നരിക്കുയ്യൻ റസാഖിന്റെ വീട് തകർന്നത്.
റസാഖിന്റെ ഭാര്യയും കുടുംബവും വീട്ടിലുണ്ടായിരുന്നു. മേൽക്കൂരയിൽ നിന്ന് ഓട് വീണ് റസാഖിന് നേരിയ പരിക്കേറ്റു.മൊയ്തീൻകുട്ടിയുടെ വീടിനകത്ത് പ്രായമായ ഭാര്യമാതാവും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടെ നാലുപേരുണ്ടായിരുന്നു. മുൻഭാഗത്താണ് പ്ലാവ് പൊട്ടി വീണത്. ഓട് മേഞ്ഞ വീടിന്റെ മുൻഭാഗം തകർന്നു. ചുമരിനും കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞവർഷവും ഇവരുടെ വീടിന് മുകളിൽ തെങ്ങ് വീണിരുന്നു. എന്നാൽ, പ്രകൃതിക്ഷോഭ ആനുകൂല്യങ്ങളൊന്നും കുടുംബത്തിന് ലഭിച്ചില്ല. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.കരുളായി: കാറ്റിൽ വൈദ്യുത തൂണുകൾ പൊട്ടിവീണ് കരുളായിയിൽ വൈദ്യുതബന്ധം തകരാറിലായി. കരുളായി വൈദ്യുത സെക്ഷന്‍ കീഴിലെ തേക്കിന്‍കുന്ന്, ആശുപത്രിക്കുന്ന് എന്നിവിടങ്ങളിലെ നാല് ലോ ടെന്‍ഷന്‍ തൂണുകളാണ് പൊട്ടിവീണത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കരുളായിയിലും പരിസരത്തും ഇടിയും മഴയും കാറ്റുമുണ്ടായത്.
വൈകീട്ടോടെ പല ഭാഗത്തെയും വൈദ്യുതി പുനഃസ്ഥാപിച്ചു. പൊട്ടിയ തൂണുകൾ വ്യാഴാഴ്ച രാവിലെ മാറ്റിസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലമ്പൂർ: വനംവകുപ്പിന് കീഴിലുള്ള കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മലവെള്ളപ്പാച്ചില്‍. ഈ സമയത്ത് വിനോദസഞ്ചാര കേന്ദ്രത്തിൽ ആരുമുണ്ടാവാതിരുന്നത് അപകടം ഒഴിവാക്കി. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് കക്കാടംപൊയില്‍ കോഴിപ്പാറ കുറുവന്‍പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.
വേനലിൽ വറ്റിവരണ്ട പാറക്കെട്ടുകള്‍ക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. പന്തീരായിരം ഉള്‍വനത്തിലെ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.