വേനൽ മഴയും കാറ്റും ലക്ഷങ്ങളുടെ നഷ്ടം
text_fieldsകാളികാവ്: ഞായറാഴ്ചയുണ്ടായ കാറ്റിലും മഴയിലും ചോക്കാട് മേഖലയിൽ വൻകൃഷി നാശം. ആയിരക്കണക്കിന് വാഴകളും റബർ മരങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഞായറാഴ്ച വൈകീട്ടാണ് കാറ്റ് ആഞ്ഞുവീശിയത്. ചോക്കാട് 40 സെന്റിൽ മാത്രം വിളവെടുപ്പിന് പാകമായ 5000ത്തോളം വാഴകൾ നശിച്ചു. പുല്ലങ്കോട് സ്രാമ്പികല്ലിലും 500ലേറെ വാഴകൾ നശിച്ചു.
പുൽപ്പാടൻ ഉസാമത്തിന്റെ രണ്ട് ഭാഗത്തായി കൃഷി ചെയ്ത 250 വാഴകളും ഒടുവകണ്ടി സുധീറിന്റെ 250ലേറെ വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. ഓട്ടുപുറത്ത് ഷാജിയുടെ നൂറോളം വാഴകളും നശിച്ചു. ചോക്കാട് 40 സെന്റിലാണ് കാറ്റിൽ കനത്തനാശം വിതച്ചത്. താഴത്തേതിൽ മുസ്തഫയുടെ 900ത്തോളം വാഴകൾ കാറ്റിൽ ഒടിഞ്ഞുതൂങ്ങി. കൂത്രാടൻ നൗഷാദ്, തടിയൻ ബാപ്പു, ചൊള്ളപ്ര ഹമീദ് എന്നിവർ ചേർന്ന് നടത്തിയ കൃഷിയിൽ 800ഓളം വാഴകളും നശിച്ചു.
40 സെന്റിലെ കണ്ണന്റെ മുന്നൂറോളം വാഴകളും ചിറയിൽ രാജന്റെ 700ഓളം വാഴകളും കലപ്പറമ്പൻ ഫിറോസിന്റെ 700ഓളം വാഴകളുമാണ് കാറ്റിൽ നിലംപരിശായത്.
കൃഷി ഓഫിസർ എം. ലനീഷ, കൃഷി അസിസ്റ്റന്റ് പി. ദിലീപ് തുടങ്ങിയവർ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് വാഴ കർഷകർക്ക് ഉണ്ടായത്. പുല്ലങ്കോട് എസ്റ്റേറ്റിൽ നൂറുകണക്കിന് റബർ മരങ്ങൾ കാറ്റിൽ കടപുഴകിയും മുറിഞ്ഞുവീണും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.