വേനൽമഴ 'ഷോക്ക്': കെ.എസ്.ഇ.ബിക്ക് കോടി നഷ്ടം
text_fieldsമലപ്പുറം: വേനൽമഴ തിമിർത്ത് പെയ്ത് കാറ്റ് ആഞ്ഞുവീശിയപ്പോൾ ജില്ലയിൽ വൈദ്യുതി വകുപ്പിന് ഇരുട്ടടി. വിവിധ സർക്കിളുകൾക്ക് കീഴിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് ഒരു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക കണക്ക്. 'മാധ്യമ'ത്തിന് ലഭിച്ച ഏപ്രിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള വിവരങ്ങൾ പ്രകാരം മഞ്ചേരി സർക്കിളിൽ ഏകദേശം 89.46 ലക്ഷം രൂപയുടെയും നിലമ്പൂർ സർക്കിളിൽ ഏഴ് ലക്ഷം രൂപയുടെയും തിരൂർ സർക്കിളിൽ ഒമ്പത് ലക്ഷം രൂപയുടെയും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയിലാകെ ഒരാഴ്ചക്കിടെ 276 വൈദ്യുതിത്തൂണുകളാണ് കാറ്റിൽ തകർന്നത്. നിലമ്പൂർ സർക്കിളിൽ 62 എൽ.ടി പോസ്റ്റുകളും ഒമ്പത് 11 കെ.വി പോസ്റ്റുകളും പൊട്ടിവീണു. ഒരു ട്രാൻസ്ഫോർമറും കേടായി. 15 ഇടങ്ങളിൽ 11 കെ.വി കമ്പിയും 108 ഇടങ്ങളിൽ എൽ.ടി കമ്പിയും പൊട്ടി.
മഞ്ചേരി സർക്കിളിൽ 104 എൽ.ടി പോസ്റ്റുകളും പത്ത് 11-കെ.വി പോസ്റ്റുകളും പൊട്ടി. ഒരു ട്രാൻസ്ഫോർമറും കേടായി. 17 ഇടങ്ങളിൽ 11- കെ.വി കമ്പിയും 339 ഇടങ്ങളിൽ എൽ.ടി കമ്പിയും പൊട്ടി. തിരൂർ സർക്കിളിൽ 78 എൽ.ടി പോസ്റ്റുകളും 13 ഇടങ്ങളിൽ 11-കെ.വി പോസ്റ്റുകളും പൊട്ടി. രണ്ട് ട്രാൻസ്ഫോമറും കേടായി. എട്ട് ഇടങ്ങളിൽ 11-കെ.വി കമ്പിയും 248 ഇടങ്ങളിൽ എൽ.ടി കമ്പികളും പൊട്ടിവീണു നശിച്ചു. വേനൽമഴക്ക് ഒപ്പമെത്തിയ ശക്തമായ കാറ്റ് പലയിടങ്ങളിലും കനത്ത നാശമാണ് ഉണ്ടാക്കിയത്.
കൊണ്ടോട്ടി, മോങ്ങം, മഞ്ചേരി, എടവണ്ണപ്പാറ, തേഞ്ഞിപ്പലം, പള്ളിക്കൽ, വണ്ടൂർ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വ്യാപക നാശനഷ്ടമുണ്ടായി. ഹാജിയാർ പള്ളി, വാറങ്കോട്, മുണ്ടുപറമ്പ് എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങും പ്ലാവും മരക്കൊമ്പുകളും വീണിരുന്നു. നിരവധി പ്രദേശങ്ങളിൽ മരം വീണ് വൈദ്യുതി മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ രണ്ട് ദിവസത്തോളമെടുത്തു വൈദ്യുതി പുനഃസ്ഥാപിക്കാൻ. അതേസമയം, മഴ കുറഞ്ഞ ഭാഗങ്ങളിലെല്ലാം വൈദ്യുതി ഉടനെ പുനഃസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.