വേനലിൽ ചൂടേറി പെരുന്നാൾ വിപണി
text_fieldsമലപ്പുറം: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കനത്ത വേനലിലും സജീവമായി വിപണി. കച്ചവട സ്ഥാപനങ്ങളും പരിസരവും അലങ്കാരവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. ചൂടിനെ വകവെക്കാതെ പകലും രാത്രി വൈകിയും സജീവമാണ്. രാത്രികാല ഷോപ്പിങ്ങിന് ഇഫ്താർ സൗകര്യം പല കടകളിലും ഒരുക്കിയിട്ടുണ്ട്. വസ്ത്രവിപണിതന്നെയാണ് മുന്നിൽ. പ്രത്യേക ഓഫറുകളുണ്ട്. വിലക്കിഴിവിന്റെ പ്രഖ്യാപനവുമായി തെരുവോര വിപണിയും സജീവമാണ്. പുതിയ ട്രെൻഡിനൊപ്പം പെരുന്നാൾ സ്പെഷൽ മോഡലുകളും കടകളിലുണ്ട്. തുക കൂടുന്നതനുസരിച്ച് ഡിസ്കൗണ്ടും സമ്മാനങ്ങളും വിവിധ സ്ഥാപനങ്ങൾ നൽകുന്നുണ്ട്.
മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് തുണിത്തരങ്ങള്‍ക്ക് വലിയ വിലവർധനയൊന്നും ഉണ്ടായിട്ടില്ല. ലേഡീസ് വസ്ത്രങ്ങള്‍ക്കാണ് താരതമ്യേന കൂടുതല്‍ വില. പെൺകുട്ടികൾക്ക് പാന്റും ടോപ്പും ഒരേ നിറത്തിലും ഡിസൈനിലും വരുന്ന കോഡ്സെറ്റാണ് വിപണിയിലെ താരം. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പാകിസ്താനി സൽവാർ, അനാർക്കലി, സറാറ എന്നിവ വീണ്ടും തിരിച്ചെത്തിയതായി വ്യാപാരികൾ പറയുന്നു. പര്‍ദ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അറേബ്യന്‍ അബായ തുടങ്ങിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വീതിയേറെയുള്ള ബഗ്ഗി ജീൻസിനാണ് ആണുങ്ങളിൽ ആവശ്യക്കാരേറെ. കാർഗോസ്, ജോഗർ, കൊറിയൻ ബഗ്ഗി, പാരാച്യൂട്ട് ബഗ്ഗി ഇവയെല്ലാം പാന്റിന്റെ പുത്തൻ മോഡലുകളാണ്. കോട്ടൺ ഷർട്ടുകൾക്ക് പകരം പോപ്കോൺ, റയോൺ എന്നിങ്ങനെയുള്ള തുണിത്തരങ്ങളിലുള്ളവയാണ് പുതിയ ട്രെൻഡ്. ഹാഫ് സ്ലീവും ഫുൾ സ്ലീവും മാത്രം പരിചയമുണ്ടായിരുന്നവരുടെ ഇടയിലേക്ക് ഫൈവ് സ്ലീവും സെവൻ സ്ലീവും കടന്നുവന്നു. മുംബൈ, സൂറത്ത്, അഹ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും ചൈനയിൽ നിന്നുമാണ് തുണിത്തരങ്ങൾ കാര്യമായും ഇറക്കുമതി ചെയ്യുന്നത്.
പാദരക്ഷ കടകളിലും വൻ തിരക്കാണ്. ഡൽഹിയിൽ നിന്നാണ് ചെരിപ്പിന്റെ വലിയ ഭാഗവും ഇറക്കുമതി ചെയ്യുന്നത്. മൈലാഞ്ചിക്കും ആവശ്യക്കാർ ഏറെ. നാട്ടിൻപുറങ്ങളിലെ കുടിൽ വ്യവസായങ്ങളിലും മറ്റും നിർമിക്കുന്ന മൈലാഞ്ചിക്കാണ് ആവശ്യക്കാർ ഏറെ. ശർക്കര മൈലാഞ്ചി, ഓർഗാനിക് മൈലാഞ്ചി എന്നീ പേരുകളിൽ ട്യൂബുകളിലും അല്ലാതെയുമായി ഇവ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.