സൂപ്പർ ലീഗ് കേരള: പന്താട്ടത്തിന് മലപ്പുറം പട
text_fieldsമലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ അങ്കത്തട്ടിലേക്ക് പുത്തൻ ചരിത്രം കുറിക്കാൻ മലപ്പുറം ഫുട്ബാൾ ക്ലബ് ശനിയാഴ്ച ആദ്യ മത്സരത്തിനിറങ്ങും. ടൂർണമെന്റ് കിക്കോഫിന്റെ ആദ്യ വിസിലിനൊപ്പം മലപ്പുറത്തിന്റെ കാൽപന്തുപെരുമയും ഇന്ന് വാനോളം ഉയരും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയുമായി മലപ്പുറം എഫ്.സി കൊമ്പുകോർക്കും. രാജ്യാന്തര ഫുട്ബാളിൽ പേര് കേട്ട ഇംഗ്ലീഷുകാരനായ ഗ്രിഗറി ആശാന്റെ ശിക്ഷണത്തിലിറങ്ങുന്ന ടീം ഗാലറിയിലെ മലപ്പുറം താളത്തിനൊപ്പം പ്രഫഷനൽ ചുവടുകൾ കൂടി സമ്മാനിക്കുമെന്നാണ് ആരാധക പ്രതീക്ഷ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ ഒന്നര മാസം നീണ്ട പരിശീലനത്തിനുശേഷം കാൽപന്തുകളിയുടെ സൗന്ദര്യം പൂർണമായും ആവാഹിച്ച് ബൂട്ടുകെട്ടിയിറങ്ങുന്ന താരങ്ങൾ എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള അസ്ത്രങ്ങളെല്ലാം ആവനാഴിയിൽ നിറച്ചാണെത്തുന്നത്.
സെറ്റാണ് സ്ക്വാഡ്
മികച്ച താരനിരയുമായാണ് മലപ്പുറം എഫ്.സി പന്തുതട്ടാൻ ഇറങ്ങുന്നത്. മുൻ ഇന്ത്യൻ പ്രതിരോധ താരമായ കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടികയുടെ പടനായകത്വത്തിലാണ് പടയിറങ്ങുന്നത്. കരുത്തരായ ആറു വിദേശ താരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഉറുഗ്വായ് താരമായ പെഡ്രോ മാൻസി (സ്ട്രൈക്കർ), മുൻ റയൽ സോസിഡാഡ് താരവും ഐലീഗ് താരവുമായ സ്പാനിഷുകാരൻ ജോസബ ബെറ്റിയ (സെൻട്രൽ മി ഡ്ഫീൽഡർ), സ്പാനിഷ് താരം റുബൻ ഗാർഷ്യ (സെൻട്രർ ബാക്ക്), ബ്രസീലിയൻ താരം സെർജിയോ ബർബോസ (വിങ്ങർ), സ്പാനിഷ് താരം ഐറ്റോർ അൽദാലൂർ (റൈറ്റ് ബാക്ക്), കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഗോകുലത്തിനായി ഇറങ്ങിയ ടോപ് സ്കോറർ സ്പെയിൻ താരം അലക്സ് സാഞ്ചസ് എന്നിവരാണ് ടീമിന്റെ വിദേശ നിര. വിദേശതാരങ്ങൾക്ക് പുറമേ മുൻ ഇന്ത്യൻ പ്രതിരോധ താരമായ ഗുർജിന്ദർ കുമാറുമുണ്ട്. സന്തോഷ് ട്രോഫിയിൽ സ്വന്തം തട്ടകത്തിൽ കേരളം കപ്പുയർത്തിയപ്പോൾ വല കാത്ത വി. മിഥുനാണ് ടീമിന് ഗോൾ ബാറിന് കീഴിലെ കാവൽക്കാരൻ. അന്നത്തെ ഫൈനലിൽ ഗോളടിപ്പിച്ച താനൂർ സ്വദേശി പാച്ചുവെന്ന ഫസലുറഹ്മാനും ടീമിലുണ്ട്. എടരിക്കോട് സ്വദേശി നന്ദു കൃഷ്ണ (വിങ് ബാക്ക്), എടവണ്ണപ്പാറ സ്വദേശി വി.ബുജൈർ (വിങ്ങർ), തിരൂർ സ്വദേശി മുഹമ്മദ് നിഷാം (സ്ട്രൈക്കർ), മഞ്ചേരി സ്വദേശി അജയ് കൃഷ്ണൻ (മിഡ് ഫീൽഡർ), കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ജാസിം, ഇ.കെ. റിസ്വാൻ അലി (വിങ്ങർ), മിത് അനിൽ അഡ കർ (വിങ്ങർ), സൗരവ് ഗോപാലകൃഷ്ണൻ (സെൻട്രൽ ബാക്ക്), ജോർജ് ഡിസൂസ (വിങ് ബാക്ക്), നവീൻ കൃഷ്ണ (സ്ട്രൈക്കർ), ടെൻസിൻ സാംദുപ് (ഗോൾ കീപ്പർ), എ.മുഹമ്മദ് മുഷറഫ് (മിഡ് ഫീൽഡർ), അർജുൻ രാജ് (മിഡ് ഫീൽഡർ), ടി.കെ. ഭവ്ജിത് (വിങ് ബാക്ക്), സിനാൻ മിർദാസ് (ഗോൾകീപ്പർ), ശിക്കു സുനിൽ (ഗോൾകീപ്പർ) എന്നിവരാണ് മലപ്പുറം സ്ക്വാഡ്.
പവറാണ് ആശാൻമാർ
ഐ.എസ്.എല്‍ ക്ലബ് ചെന്നൈയിന് എഫ്.സിയുടെ പരിശീലകനായിരുന്ന ജോണ്‍ ഗ്രിഗറിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഇംഗ്ലണ്ടിനായി ആറു രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഈ മധ്യനിര താരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോര്‍ട്സ് മൗത്തിനെയും ആസ്റ്റന്‍ വില്ലയെയും പരിശീലിപ്പിച്ച ഗ്രിഗറിയുടെ ചുമലിലാണ് ഇനി മലപ്പുറത്തിന്റെ പ്രതീക്ഷകള്‍. റൊമാനിയക്കാരനായ ഡ്രാഗോസിനൊപ്പം തിരുവന്തപുരത്തുകാരനായ ക്ലിയോഫസ് അലക്സും സഹപരിശീലകനാകും. മുംബൈ സ്വദേശിയായ വില്‍ബര്‍ ലസ്റാഡോ ആണ് ടീമിന്റെ ഓപറേഷന് ഹെഡ്. ഗോൾകീപ്പിങ് കോച്ചായി ഫെലിക്സ് ഡിസൂസ, സ്പോർട്ടിങ് ഡയറക്ടറായി വിൽബർ ലാസ്റാഡോ, ഫിസിയോയായി അനന്തു എസ്. കുമാർ എന്നിവരുമുണ്ട്.
ആർപ്പോ അൾട്രാസ്...
മലപ്പുറം എഫ്.സിക്കായി ഗാലറിയില്‍ ഓളം തീര്‍ക്കാന്‍ ആരാധക കൂട്ടായ്മയായ അൾട്രാസ് ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറുന്ന സൂപ്പർ ലീഗിന്റെയും എം.എഫ്.സിയുടെയും ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്.സിക്കായി ആർപ്പ് വിളിക്കാൻ നാല് ബസുകളാണ് മലപ്പുറത്തുനിന്ന് പുറപ്പെടുന്നത്.
മലപ്പുറം എഫ്.സിയുടെ മത്സരങ്ങൾ
- സെപ്റ്റംബർ 7: മലപ്പുറം എഫ്.സി-ഫോഴ്സ കൊച്ചി
- സെപ്റ്റംബർ 14: മലപ്പുറം എഫ്.സി-കാലിക്കറ്റ് എഫ്.സി
- സെപ്റ്റംബർ 20: മലപ്പുറം എഫ്.സി-തൃശൂർ മാജിക് എഫ്.സി
- ഒക്ടോബർ 2: മലപ്പുറം എഫ്.സി-തിരുവനന്തപുരം കൊമ്പൻസ് എഫ്.സി
- ഒക്ടോബർ 9: മലപ്പുറം എഫ്.സി-ഫോഴ്സ കൊച്ചി
- ഒക്ടോബർ 12: മലപ്പുറം എഫ്.സി-കാലിക്കറ്റ് എഫ്.സി
- ഒക്ടോബർ 18: മലപ്പുറം എഫ്.സി-തൃശൂർ മാജിക് എഫ്.സി
- ഒക്ടോബർ 27: മലപ്പുറം എഫ്.സി-കണ്ണൂർ വോറിയേഴ്സ് എഫ്.സി
- നവംബർ 1: മലപ്പുറം എഫ്സി- തിരുവനന്തപുരം കൊമ്പൻസ് എഫ്.സി
നവംബർ അഞ്ചിനും ആറിനും സെമി മത്സരങ്ങളും 10ന് ഫൈനൽ പോരാട്ടവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.