കെ.എസ്.ആർ.ടി.സിക്ക് ഊർജം പകർന്ന് മലപ്പുറം ഡിപ്പോ; വരുമാന ലക്ഷ്യം മറികടന്നു
text_fields''1,33,23,226 കോടി രൂപയാണ് നവംബർ 15ന് നോർത്ത് സോണിെൻറ വരുമാനം. ഇതിൽ 7,34,434 രൂപ മലപ്പുറം യൂനിറ്റിെൻറ വകയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും ആത്മാർഥ പരിശ്രമവുമാണ് വരുമാന ലക്ഷ്യം കൈവരിച്ചതിന് പിന്നിൽ'' -ജോഷി ജോൺ (ജില്ല ട്രാൻസ്പോർട്ട് ഓഫിസർ)
മലപ്പുറം: കോവിഡിെൻറ വരവോടെ റിവേഴ്സ് ഗിയറിൽ ഓടുന്നകെ.എസ്.ആർ.ടി.സിക്ക് ഊർജം പകർന്ന് മലപ്പുറം ഡിപ്പോ നവംബർ 15ന് വരുമാന ലക്ഷ്യം മറികടന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിപ്പോ ഈ നേട്ടം കൈവരിക്കുന്നത്. 7,18,879 രൂപയാണ് നാല് വർഷം മുമ്പ് നിശ്ചയിച്ച വരുമാന ലക്ഷ്യം. തിങ്കളാഴ്ച 7,34,434 രൂപയാണ് മലപ്പുറം ഡിപ്പോയുടെ സമ്പാദ്യം. 11,057 യാത്രക്കാർ യാത്ര ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലേക്കും മലക്കപ്പാറയിലേക്കുമുള്ള സർവിസുകൾ പ്രധാന വരുമാന സ്രോതസ്സായി മാറിയിരിക്കുകയാണ്. സോണിനെ സംസ്ഥാന തലത്തിൽ ഒന്നാമതാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മലപ്പുറം യൂനിറ്റിനെ വടക്കൻ മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനന്ദിച്ചു.
മൂന്നാർ, മലക്കപ്പാറ സർവിസുകൾ കോളടിച്ചു
മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലേക്കും മലക്കപ്പാറയിലേക്കും ഇൗയിടെ ആരംഭിച്ച സർവിസുകളാണ് മലപ്പുറം ഡിപ്പോയുടെ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ. ഫുൾ ബുക്കിങ്ങോടെ വിജയകരമായി സർവിസ് തുടരുകയാണ്. നിശ്ചിത ദിവസങ്ങളിൽ പുലർച്ച നാലിന് മലക്കപ്പാറയിലേക്കും ഉച്ചക്ക് ഒന്നിന് മൂന്നാറിലേക്കും മലപ്പുറത്ത് നിന്ന് ബസുകൾ പുറപ്പെടുന്നു. ഡിസംബറിൽ മൂന്നാർ സർവിസ് രാവിലെ 11നാക്കും. മൂന്നാറിലേക്ക് സൂപ്പർ ഫാസ്റ്റ് (ടിക്കറ്റ് നിരക്ക് 1000 രൂപ), ഡീലക്സ് (1200), ലോ ഫ്ലോർ (1500) ബസുകൾ അയക്കുന്നുണ്ട്. മലക്കപ്പാറയിലേക്ക് ഫാസ്റ്റ് ബസുകളാണ് പോവുന്നത്. ഇതിെൻറ ടിക്കറ്റ് നിരക്ക് 600 രൂപയാണ്. നവംബർ 19ന് ഒരു സൂപ്പർ ഫാസ്റ്റ്, 20ന് ഓരോ ലോ ഫ്ലോർ, ഡീലക്സ്, 21ന് സൂപ്പർ ഫാസ്റ്റ് എന്നിവയാണ് ഈ ആഴ്ചയിെല മൂന്നാർ സർവിസുകൾ. 21ന് മലക്കപ്പാറയിലേക്കും ബസ് അയക്കുന്നുണ്ട്.
പഴയ കെട്ടിടങ്ങൾ പൊളിക്കൽ തുടരുന്നു
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കൽ തുടരുകയാണ്. ഗാർഡ് റൂമാണ് ഇപ്പോൾ പൊളിക്കുന്നത്. സ്റ്റേഷൻ മാസ്റ്റർ ഓഫിസും കാത്തിരിപ്പ് കേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടമുൾപ്പെടെ ബാക്കിയുണ്ട്. ഓഫിസ് ഇപ്പോൾ പുതിയ കെട്ടിടത്തിലെ താൽക്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ഇതുവരെ ഓഫിസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിക്കാനുള്ള ലേലം അടുത്തയാഴ്ച നടക്കും. ബസ് സ്റ്റേഷൻ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഇക്കൊല്ലം പൂർത്തിയാകാൻ സാധ്യതയില്ല. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനൊപ്പം ഉണ്ടായിരുന്ന ഏക ശുചിമുറി കൂടി ഇല്ലാതാകും. പുതിയ കെട്ടിടം യാഥാർഥ്യമാകാൻ ഇനിയും സമയമെടുക്കും. യാത്രക്കാർ കൂടുതൽ എത്താൻ തുടങ്ങിയതോടെ പുതിയ ശുചിമുറി കൂടി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വരുന്നു, സ്കാനിയ ബസുകൾ
മലപ്പുറം: ജില്ലയിൽ ആദ്യമായി മലപ്പുറം ഡിപ്പോക്ക് സ്കാനിയ ബസുകൾ എത്തുന്നു. രണ്ട് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ ഇതിലുണ്ടാവും. ഒന്ന് മൂന്നാറിലേക്ക് അയക്കാനാണ് നീക്കം. രണ്ടാമത്തേതിെൻറ കാര്യം പിന്നീടറിയാം. ഡ്രൈവർമാർക്ക് പരിശീലനം ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.