സര്‍വകലാശാല കാമ്പസില്‍ നിരീക്ഷണ കാമറ; നിർദേശം പ്രാവർത്തികമാക്കാൻ നടപടിയില്ല
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തല്‍കുളത്തില്‍ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയ സര്‍വകലാശാല കമീഷൻ കാമ്പസില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്തത് ഇനിയും പ്രാവര്‍ത്തികമായില്ല. സാമൂഹിക വിരുദ്ധരുടെ സ്ഥിരം കേന്ദ്രമായ കാമ്പസിലെ ചിലയിടങ്ങളിൽ വേഗത്തില്‍ കാമറ സ്ഥാപിക്കണമെന്നുമായിരുന്നു പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. നാസര്‍ ചെയര്‍മാനായ ആഭ്യന്തര അന്വേഷണ കമീഷന്റെ പ്രധാന ശിപാര്‍ശ.
എന്നാൽ, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച നടപടികള്‍ വൈകുകയാണ്. കാമ്പസിലെ ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പൊലീസ് അന്വേഷണം വഴിമുട്ടിക്കുന്നതും നിരീക്ഷണ കാമറകളുടെ അഭാവമാണ്. സുരക്ഷ കാര്യത്തില്‍ സര്‍വകലാശാലക്ക് ഇല്ലാത്ത താല്പര്യം തങ്ങള്‍ക്ക് എന്തിനെന്നാണ് തേഞ്ഞിപ്പലം പൊലീസിന്റെ നിലപാട്.
മോഷണം പല തവണ ആവര്‍ത്തിച്ചപ്പോള്‍ തന്നെ ജീവനക്കാർ പ്രതിഷേധമുയർത്തുകയും വി.സി ഉള്‍പ്പെടെയുള്ളവര്‍ അലംഭാവം വെടിഞ്ഞ് അടിയന്തര സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാടുപിടിച്ചുകിടന്ന ക്വാര്‍ട്ടേഴ്സ് പരിസരങ്ങള്‍ വെട്ടിതെളിക്കുക മാത്രമാണ് ചെയ്തത്.
ക്വാര്‍ട്ടേഴ്സില്‍ വീണ്ടും മോഷണം ഉണ്ടാകുകയും പതിനേഴേ മുക്കാല്‍ പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടമായതോടെയാണ് 70 സി.സി.ടി.വി കാമറകള്‍ എത്രയും വേഗം സ്ഥാപിക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയത്. ഡി.ജി.പിക്ക് ഇ-മെയില്‍ വഴി പരാതി അയക്കാനും വൈകിയാണ് നടപടിയുണ്ടായതെന്നും ജീവനക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.