പരിമിതികളേ വഴിമാറൂ, സ്വപ്നങ്ങൾ കുതികുതിക്കും; നീന്തൽ കുളത്തിൽ വിസ്മയം തീർത്ത് മൻസൂർ
text_fieldsപൊന്നാനി: നീന്തൽക്കുളത്തിൽ വിസ്മയം തീർത്ത് ഭിന്നശേഷിക്കാരനായ മൻസൂർ. പാരാ സ്വിമ്മിങ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച മൻസൂർ മൂന്നിനങ്ങളിൽ സ്വർണ മെഡൽ ജേതാവായി. ഗോവയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മൻസൂർ കേരളത്തെ പ്രതിനിധീകരിക്കും.
ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനൊരുങ്ങുന്ന മൻസൂർ സാമ്പത്തിക തടസം മറികടക്കാനാകാതെ പ്രയാസത്തിലാണ്. മൂന്നാം വയസിൽ പോളിയോ ബാധിച്ച് ശരീരത്തിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട മൻസൂർ പ്രതിസന്ധികളോരോന്നും കഠിന പ്രയത്നം കൊണ്ട് മറികടന്നാണ് വളർന്നത്. ഇരുകാലുകളും തളർന്നപ്പോഴും പഠനത്തിൽ മികവ് തെളിയിച്ച് ബിരുദം പൂർത്തീകരിച്ചു. സർക്കാർ ജോലി സ്വപ്നം കണ്ട് പ്രയത്നിക്കുമ്പോഴും വിവിധ മത്സരങ്ങളിലും മികവറിയിച്ചു.
തൃശൂരിൽ ഭിന്നശേഷിക്കാർക്കായുള്ള ബാസ്കറ്റ്ബാൾ കോർട്ടിൽ പരിശീലനം നേടി സംസ്ഥാന ടീമിൽ ഇടം നേടി. ഇതിനിടെ തൃശൂരിൽ നടന്ന പാരാ സ്വിമ്മിങ് മത്സരങ്ങളിൽ മലപ്പുറത്തിനായി പങ്കെടുത്ത ഈ യുവാവ് റെസ്റ്റ് സ്ട്രോക്ക് 50 മീറ്റർ, ബാക്ക് സ്ട്രോക്ക് 50 മീറ്റർ, 100 മീറ്റർ എന്നീ ഇനങ്ങളിൽ സ്വർണ മെഡൽ കരസ്ഥമാക്കി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
ഒക്ടോബർ 20ന് ഗോവയിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരമാണ് കൈവന്നത്. എന്നാൽ കുടുംബഭാരം ചുമലിലേറ്റിയ ഈ യുവാവ് സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ പരിശീലനത്തിനും ദേശീയ മത്സരത്തിനുമുള്ള പണം കണ്ടെത്താനാകാത്ത വിഷമസന്ധിയിലാണ്. ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമേറെയുള്ള യുവാവ് സ്പോൺസർഷിപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.