കടലിൽ പൊലീസ് വിരിച്ച 'വലയിൽ' കുടുങ്ങിയത് തമിഴ്നാട് സ്വദേശികളുടെ രേഖകളില്ലാത്ത ബോട്ട്
text_fieldsപൊന്നാനി: ആഴക്കടലിലെ അനധികൃത മത്സ്യബന്ധനം തടയാൻ തീരദേശ പൊലീസ് കടലിലിറങ്ങിയപ്പോൾ പിടികൂടിയത് തമിഴ്നാട് സ്വദേശികളുടെ രേഖകളില്ലാത്ത ബോട്ട്.
കേരളാതിർത്തിയിൽ പ്രവേശിച്ച് മത്സ്യബന്ധനം നടത്താനാവശ്യമായ രേഖകളൊന്നുമില്ലാതെ മീൻപിടിത്തത്തിലേർപ്പെട്ട ബോട്ടാണ് തീരദേശ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് വന്ന ബോട്ടാണ് പിടിയിലായത്. പത്ത് പേരടങ്ങുന്ന തമിഴ്നാട് സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.
പിടികൂടിയ ബോട്ട് പൊന്നാനിയിലെത്തിച്ചു. രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയതിന് ബോട്ടുടമയിൽനിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ രേഖകളില്ലാതെ മത്സ്യബന്ധനത്തിനിറങ്ങിയ പൊന്നാനി സ്വദേശികളുടെ വള്ളവും തീരദേശ പൊലീസ് സി.ഐ പി.കെ. രാജ് മോഹെൻറ നേതൃത്വത്തിൽ പിടികൂടി.
ആഴക്കടലിൽ ഇരട്ട ബോട്ടുകളിൽ വലവിരിച്ച് കൂട്ടത്തോടെയുള്ള അനധികൃത മീൻപിടിത്തം തടയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കടലിൽ പരിശോധന ആരംഭിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽനിന്ന് രേഖകളില്ലാതെ നിരവധി ബോട്ടുകളും മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്.
ഇത്തരത്തിൽ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപെട്ടാൽ തീരദേശ പൊലീസിനെ അറിയിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരട്ട വല ഉപയോഗിച്ച് രണ്ട് ബോട്ടുകൾ ചേർന്നുള്ള മത്സ്യബന്ധനത്തെ എതിർത്തതിനെത്തുടർന്ന് പൊന്നാനി ഹാർബറിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും കടലിൽ പട്രോളിങ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.