ജില്ലയിൽ തമിഴ്നാട് മോഷണസംഘം സജീവം; രണ്ട് സ്ത്രീകൾ കോട്ടക്കലിൽ അറസ്റ്റിൽ
text_fieldsകോട്ടക്കൽ: യാത്രക്കാരെ ലക്ഷ്യം വെച്ച് മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികൾ കോട്ടക്കലിൽ പിടിയിൽ. ധർമപുരി ശാന്തിനഗറിലെ പാർവതി (46), നന്ദിനി സംഗീത (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ രണ്ടത്താണിയിൽനിന്ന് ചങ്കുവെട്ടിയിലേക്കുള്ള യാത്രക്കിടെ പറമ്പിലങ്ങാടി സ്വദേശിനി വീട്ടമ്മയുടെ പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടിരുന്നു. ഇതോടെ നടത്തിയ അന്വേഷണമാണ് ഇരുവരിലേക്കും എത്തിയത്.
ബസിൽ കൂടെയുണ്ടായിരുന്ന പ്രതികൾ ഇറങ്ങുന്ന സമയത്ത് അനിയന്ത്രിത തിരക്കുണ്ടാക്കിയതായി വീട്ടമ്മ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തട്ടിപ്പ് സംഘമാണെന്ന വിവരം ലഭിച്ചത്.
മോഷണ മുതലുകൾ ഉടൻ കൈമാറ്റം ചെയ്ത് ഒഴിവാക്കുന്നതാണ് രീതി. പക്ഷേ പിടിയിലായവർക്ക് മുതലുകൾ പൂർണമായി കൈമാറ്റം ചെയ്യാൻ കഴിയാത്തത് സഹായകരമായി. കൂടെയുണ്ടായിരുന്ന പുരുഷന്മാർക്ക് കൈമാറിയ മറ്റു തൊണ്ടിമുതലുകൾ കെണ്ടടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ പിടിയിലായവർക്കെതിരെ കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടക്കൽ ഇൻസ്പെക്ടർ എം. സുജിത്, എസ്.ഐ കെ. അജിത്ത്, ഗ്രേഡ് എസ്.ഐ പി.കെ ഷാജു, പൊലീസുകാരായ സജി അലക്സാണ്ടർ, സുജാത, വീണ, സുജിത്ത്, ശരൺ, ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.