ഹൈകോടതി നിർദേശങ്ങൾ കടലാസിൽ തന്നെ
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ടപകടം ഇല്ലാതാക്കാനായി ഹൈകോടതി നിർദേശിച്ച തീരുമാനങ്ങൾ കടലാസിൽ തന്നെ. താനൂർ ദുരന്തത്തെ തുടർന്ന് ഹൈകോടതി സ്വമേധയ കേസെടുക്കുകയും സർക്കാർ, മലപ്പുറം ജില്ല കലക്ടർ, പൊലീസ് എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഹൈകോടതി അഭിഭാഷകനായ അഡ്വ. ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭാവിയിൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന വാദം നടത്തിയിരുന്നു. സംസ്ഥാന സർക്കാറിന്റെയും മലപ്പുറം ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ല കലക്ടറുടേയും താനൂർ മുനിസിപ്പാലിറ്റിയുടെയും വാദങ്ങൾ കേട്ട് സംസ്ഥാന സർക്കാറിനും പോർട്ട് കൺസർവേറ്റർക്കും സംസ്ഥാനത്ത് നടപ്പാക്കേണ്ട നിർദേശങ്ങൾ നൽകി.
ടൂറിസ്റ്റ് ബോട്ടുകളിൽ അമിതഭാരം കർശനമായി നിയന്ത്രിക്കുക, ബോട്ട് ജട്ടിയിലും ബോട്ടിലും പാസഞ്ചർ കപ്പാസിറ്റി ബോർഡുകൾ സ്ഥാപിക്കുക, ബോട്ടിലെ യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ബോട്ട് ജീവനക്കാർ സൂക്ഷിക്കുക, എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നൽകുക, ബോട്ടിൽ ലൈഫ് ബോയി ഉണ്ടായിരിക്കണം, നിയമപ്രകാരമുള്ള ലൈസൻസ് സമ്പാദിക്കാതെ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ്, ഹൗസ് ബോട്ടുകളും പിടിച്ച് എടുക്കുക, നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്നറിയാൻ ബോട്ടുകളിൽ പോർട്ട് ഓഫിസർമാരും ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുക തുടങ്ങിയവയാണ് നിർദേശങ്ങൾ. എന്നാൽ, ഹൈകോടതി നിർദേശങ്ങൾ പൂർണമായും നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.