താനൂർ ബോട്ട് ദുരന്തം; ബോട്ട് സർവിസിന് നഗരസഭ അനുമതി നൽകിയിരുന്നില്ലെന്ന് മുൻ ഡിവൈ.എസ്.പി
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തിലകപ്പെട്ട അറ്റ്ലാൻറിക് ബോട്ടിന് തൂവൽ തീരത്ത് സർവിസ് നടത്താൻ താനൂർ നഗരസഭ അനുമതി നൽകിയിരുന്നില്ലെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ മുൻ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ജുഡീഷ്യൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ മുമ്പാകെ മൊഴി നൽകി.
ഇതുസംബന്ധിച്ച് താനൂർ നഗരസഭ സെക്രട്ടറി തനിക്ക് സാക്ഷ്യപത്രം നൽകിയിരുന്നുവെന്നും ഡിവൈ.എസ്.പി വിസ്താര വേളയിൽ വ്യക്തമാക്കി. സർവിസ് നടത്താൻ അനുമതി തേടിക്കൊണ്ട് ബോട്ട് ഉടമ നഗരസഭയിൽ അപേക്ഷ നൽകിയത് ഉൾപ്പെട്ട ഫയലുകൾ നഗരസഭയിൽനിന്ന് ബന്തവസ്സിലെടുക്കുകയുണ്ടായിട്ടുണ്ടെന്നും മുഴുവൻ രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.
അപകടസമയത്ത് ബോട്ട് ഓടിച്ചിരുന്ന ദിനേശന് ബോട്ട് ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ വേളയിൽ തനിക്ക് മൊഴി നൽകിയിരുന്നുവെന്നും ഡ്രൈവറുടെ ലൈസൻസ് അനുവദിക്കേണ്ട കേരളത്തിലെ ഒരു ഓഫിസിൽനിന്ന് ദിനേശന് ഡ്രൈവർ ലൈസൻസോ സ്രാങ്ക് ലൈസൻസോ ലഭിക്കുകയുണ്ടായിട്ടില്ലെന്നും വിചാരണ വേളയിൽ ഡിവൈ.എസ്.പി കമീഷൻ മുമ്പാകെ വ്യക്തമാക്കി.
ബോട്ട് പുഴയിൽ ഇറക്കുന്നതിന് മുമ്പ് നടത്തുന്ന ഹീലിങ് ടെസ്റ്റ് നടത്തുന്ന വേളയിൽ പരിശോധനക്കായി സ്ഥലത്ത് വരാത്ത ഉദ്യോഗസ്ഥനാണ് ഹീലിങ് റിപ്പോർട്ടിൽ ഒപ്പുവെച്ചിട്ടുള്ളതെന്നും ബോട്ട് നേരിൽ പരിശോധിക്കണമെന്ന് താൻ മനസ്സിലാക്കിയ നിയമങ്ങളിൽ എവിടെയും കാണാത്തത് കൊണ്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കേസിൽ പ്രതിയാക്കാതിരുന്നതെന്നും ഡിവൈ.എസ്.പി പറഞ്ഞു. അപകടത്തിനു മുമ്പ് ബോട്ട് സർവിസിനെതിരെ തനിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നുവോ എന്നക്കാര്യം രേഖകൾ പരിശോധിച്ചാലെ പറയാൻ സാധിക്കുകയുള്ളൂവെന്നും ഡിവൈ.എസ്.പി വി.വി. ബെന്നി കമീഷൻ മുമ്പാകെ അറിയിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ മൂന്നു ദിവസത്തെ സമയമെടുത്താണ് കമീഷൻ വിസ്തരിച്ചത്. കമീഷന് വേണ്ടി അഡ്വ. രമേശ്, സർക്കാറിനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ടി.പി. അബ്ദുൽ ജബാറും മരിച്ച ആളുകളുടെ ബന്ധുക്കൾക്കു വേണ്ടി അഡ്വ. പി.പി. റഹൂഫും സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്കുവേണ്ടി അഡ്വ. ബാബു കാർത്തികേയനും ഉടമകൾക്കും മറ്റും പ്രതികൾക്കും വേണ്ടി അഡ്വ. നസീർ ചാലിയവും ഹാജരായി. വിചാരണ നടപടികൾ ബുധനാഴ്ചയും തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.